ഗാല്ലെ
ടെസ്റ്റ് ക്രിക്കറ്റിൽ പുതിയ ചരിത്രംകുറിച്ച് ശ്രീലങ്കൻ ബാറ്റർ കമിന്ദു മെൻഡിസ്. ന്യൂസിലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും സെഞ്ചുറിയടിച്ച ഇരുപത്തഞ്ചുകാരൻ 1000 റണ്ണും തികച്ചു. 13 ഇന്നിങ്സിൽനിന്നാണ് നേട്ടം. 75 വർഷത്തിനിടയിൽ ഈ നേട്ടംകുറിക്കുന്ന ആദ്യ ബാറ്റർ. ഓസ്ട്രേലിയൻ ഇതിഹാസം ഡോൺ ബ്രാഡ്മാന്റെ റെക്കോഡിനൊപ്പവുമെത്തി.
രണ്ടാംടെസ്റ്റിൽ ലങ്ക ഒന്നാം ഇന്നിങ്സ് അഞ്ചിന് 602 റണ്ണെടുത്ത് ഡിക്ലയർ ചെയ്തു. കമിന്ദു 182 റണ്ണുമായി പുറത്തായില്ല. മറുപടിക്കെത്തിയ കിവികൾക്ക് രണ്ടാംദിനം 22 റണ്ണെടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായി. എട്ടാംടെസ്റ്റ് കളിക്കുന്ന കമിന്ദുവിന്റെ അഞ്ചാം സെഞ്ചുറിയാണ്. ആകെ 1004 റൺ. വേഗത്തിൽ 1000 തികച്ചവരിൽ ബ്രാഡ്മാനൊപ്പം മൂന്നാമനായി. എവർട്ടൺ വീക്സും ഹെർബെർട്ട് സട്ക്ലിഫെയുമാണ് ആദ്യ സ്ഥാനങ്ങളിലുള്ളവർ. ഇരുവരും 12 ഇന്നിങ്സിൽ 1000 പൂർത്തിയാക്കി. 1924ലായിരുന്നു ഹെർബെർട്ടിന്റെ നേട്ടം. 1948ൽ എവർട്ടണും നേടി. ബ്രാഡ്മാൻ 1928ൽ ആയിരം തികച്ചു.
അവസാന എട്ട് ടെസ്റ്റിലും കമിന്ദു 50ന് മുകളിൽ റണ്ണടിച്ചിട്ടുണ്ട്. ഇതും റെക്കോഡാണ്. ലങ്കയ്ക്കായി കുശാൽ മെൻഡിസും (106) സെഞ്ചുറി നേടി.















