കൊച്ചി
ചെറിയതുകയുടെ മുദ്രപ്പത്രങ്ങൾ മൂന്നാഴ്ചയ്ക്കകം ലഭ്യമാക്കണമെന്ന് ഹൈക്കോടതി. 50 രൂപയുടെ ആറുലക്ഷം മുദ്രപ്പത്രങ്ങൾ ലഭ്യമാക്കാനും കെട്ടിക്കിടക്കുന്ന 20 രൂപയുടെ മുദ്രപ്പത്രങ്ങൾ പുനർമൂല്യനിർണയം നടത്തി വിതരണം ചെയ്യാനും ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. മുദ്രപ്പത്രക്ഷാമത്തിൽ നടപടി ആവശ്യപ്പെട്ട് മലപ്പുറം ചേളാരി സ്വദേശി പി ജ്യോതിഷ് നൽകിയ പൊതുതാൽപ്പര്യ ഹർജിയിലാണ് നിർദേശം.
നാസിക് സെൻട്രൽ സെക്യൂരിറ്റി പ്രസിൽ ആറുലക്ഷം മുദ്രപ്പത്രങ്ങൾ വിതരണത്തിന് തയ്യാറാണെന്നും ക്ഷാമം പരിഹരിക്കുമെന്നും സർക്കാർ ഉറപ്പുനൽകി. എന്നാൽ, നാസിക് പ്രസിലേക്ക് സംസ്ഥാന സർക്കാർ ആറുമാസമായി ഓർഡർ നൽകിയിട്ടില്ലെന്ന് ഹർജിക്കാരൻ ആരോപിച്ചു. 500 രൂപയ്ക്കുതാഴെയുള്ള മുദ്രപ്പത്രങ്ങൾ ലഭ്യമല്ല. ജനന–-മരണ സർട്ടിഫിക്കറ്റുകൾ, ബോണ്ടുകൾ, സെയിൽ സർട്ടിഫിക്കറ്റ് തുടങ്ങിയവയ്ക്ക് ചെറിയതുകയ്ക്കുള്ള മുദ്രപ്പത്രങ്ങൾ വേണം. ഇവ ലഭ്യമല്ലാത്തതിനാൽ ഉയർന്ന തുകയുടെ മുദ്രപ്പത്രങ്ങൾ ഉപയോഗിക്കാൻ നിർബന്ധിതരാകുകയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
നൂറുരൂപയുടെ 9,37,646 മുദ്രപ്പത്രങ്ങൾ ജൂൺ ഒന്നുമുതൽ വെണ്ടർമാർക്ക് വിതരണം ചെയ്തതായി സർക്കാർ അറിയിച്ചു. ട്രഷറികളിലെ 20 രൂപയുടെ 12,22,679 മുദ്രപ്പത്രങ്ങൾ സെപ്തംബറിനകം പുനർമൂല്യനിർണയം നടത്തി വിതരണം ചെയ്യുമെന്നും അറിയിച്ചു. ഇക്കാര്യങ്ങൾകൂടി പരിഗണിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.