തിരുവനന്തപുരം> വലതുപക്ഷ രാഷ്ട്രീയ ശക്തികളും അവരുടെ കുഴലൂത്തുകാരായ മാധ്യമങ്ങളും നടത്തുന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചരണങ്ങളുടെ നാവായി പി വി അൻവർ എംഎൽഎ മാറിയിരിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്. ജനാധിപത്യത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന പാർടിയാണ് സിപിഐ എം. അതുകൊണ്ട് തന്നെ അഭിപ്രായങ്ങൾ നിർഭയമായി പറയാനുള്ള സ്വാതന്ത്യം പാർടിയിലുണ്ടെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.പാർലമെന്ററി പാർടിയിലെ സ്വതന്ത്ര അംഗം എന്ന നില പാർടിയെ ആകെ തിരുത്തുവാനുള്ള സ്ഥാനമാണെന്ന് കരുതി ഇടപെടുന്ന അൽപ്പത്തമാണ് അൻവർ കാണിച്ചത്.
പാർടി അനുഭാവി അല്ലെങ്കിൽ പോലും നൽകുന്ന പരാതികൾ പരിശോധിച്ച് നീതി ലഭ്യമാക്കുകയെന്നതാണ് പാർടിയുടെയും സർക്കാരിന്റെയും നയം. അതിന്റെ അടിസ്ഥാനത്തിൽ പി വി അൻവർ നൽകിയ പരാതികൾ പാർടിയും സർക്കാരും പരിശോധിച്ചിട്ടുണ്ട്. സർക്കാർ പരിശോധനയ്ക്ക് ശേഷം പാർടി പരിശോധിക്കേണ്ട കാര്യങ്ങൾ ഉണ്ടെങ്കിൽ പരിശോധിക്കുമെന്ന് പാർടി വ്യക്തമാക്കിയതാണ്.
പാർടിയിലും സർക്കാരിലും വിശ്വാസമുള്ള ഒരാളും ഇത്തരമൊരു സാഹചര്യത്തിൽ പൊതുപ്രസ്താവന നടത്തുകയില്ല. എന്നാൽ അൻവർ വലതുപക്ഷ രാഷ്ട്രീയക്കാർക്കു വേണ്ടി വിമർശനങ്ങൾ ഉന്നയിക്കുകയാണ് ചെയ്തത്. മുൻകുട്ടി നിശ്ചയിച്ച ചില അജണ്ടകളുമായാണ് അദ്ദേഹം രംഗത്ത് ഇറങ്ങിയത്. സംഘപരിവാറിന്റെ അജണ്ട പ്രതിരോധിക്കുന്നതിന് എന്നും മുന്നിൽ നിന്നു എന്നതിന്റെ പേരിൽ തലയ്ക്ക് വില പറയപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെ തെറ്റായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളും മുന്നോട്ട് വെക്കുകയുണ്ടായി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ പ്രീണനമെന്ന പ്രചരണമാണ് ഉയർന്നുവന്നത്. ഇപ്പോഴാകട്ടെ ഹിന്ദുത്വ രാഷ്ട്രീയവുമായുള്ള സന്ധിയാണെന്നും ചിലർ പ്രചരിപ്പിക്കുന്നു. മതനിരപേക്ഷ രാഷ്ട്രീയത്തെ തകർക്കുക എന്ന മതരാഷ്ട്രവാദ കാഴ്ചപ്പാടുകളാണ് ഇത്തരം ആശയപ്രചരണക്കാരെ സ്വാധീനിച്ചിരിക്കുന്നത്. നേതൃത്വത്തെ ദുർബലപ്പെടുത്തി പാർടിയെ തകർക്കുക എന്ന വലതുപക്ഷ മാധ്യമങ്ങളുടേയും രാഷ്ട്രീയക്കാരുടേയും പ്രചരണങ്ങളാണ് അൻവർ ഏറ്റെടുത്തിരിക്കുന്നതെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.