തിരുവനന്തപുരം
ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്പാ കുടിശിക എഴുതിത്തള്ളിയ നടപടിക്ക് കേരള ബാങ്ക് വാർഷിക പൊതുയോഗത്തിന്റെ അംഗീകാരം. ദുരന്തത്തിൽ മരിച്ചവരുടെയും ഈടുനൽകിയ വീടും വസ്തുക്കളും നഷ്ടപ്പെട്ടവരുടെയും വായ്പ എഴുതിത്തള്ളാൻ ബാങ്ക് ഭരണസമിതി യോഗം തീരുമാനിച്ചിരുന്നു.
പൊതുയോഗം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ സാമ്പത്തികവർഷം 209 കോടിരൂപയുടെ അറ്റലാഭം നേടിയതിനാൽ ഈ സാമ്പത്തികവർഷം അംഗസംഘങ്ങൾക്ക് ലാഭവിഹിതം നൽകാനാകുമെന്ന് മന്ത്രി അറിയിച്ചു. ഒക്ടോബർ മുതൽ സഹകാരികളുടെ ഓണറേറിയത്തിൽ കാലോചിതവർധന നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.സംഘങ്ങളുടെ ഓഹരി പിൻവലിക്കാനുള്ള ബൈലോ ഭേദഗതി പിൻവലിക്കാനും പൊതുയോഗം തീരുമാനിച്ചു.
ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ അധ്യക്ഷനായി. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോർട്ടി എം ചാക്കോ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സഹകരണ സെക്രട്ടറി വീണ എൻ മാധവൻ, സഹകരണ സംഘം രജിസ്ട്രാർ ജ്യോതി പ്രസാദ്, ബോർഡ് ഓഫ് മാനേജ്മെന്റ് ചെയർമാൻ വി രവീന്ദ്രൻ, ചീഫ് ജനറൽ മാനേജർമാരായ റോയ് എബ്രഹാം, എ ആർ രാജേഷ്, വൈസ് പ്രസിഡന്റ് എം കെ കണ്ണൻ, എസ് ഷാജഹാൻ എന്നിവർ സംസാരിച്ചു.