കൊച്ചി
ഐപിഎസ് ഉദ്യോഗസ്ഥൻ എസ് സുജിത്ദാസ് യുവാക്കളെ വ്യാജ ലഹരിക്കേസിൽ കുടുക്കിയെന്ന് ആരോപിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ആറ് യുവാക്കളെ ലഹരിമരുന്നുകേസിൽ കുടുക്കി മർദിച്ചെന്ന് ആരോപിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഒന്നാംപ്രതി സുനിൽകുമാറിന്റെ ഭാര്യ രേഷ്മ നൽകിയ ഹർജിയാണ് ജസ്റ്റിസ് കെ ബാബു തള്ളിയത്. സുജിത്ദാസിനെതിരെ വകുപ്പുതലനടപടിക്ക് നിർദേശിക്കണമെന്ന ആവശ്യവും ഹർജിയിൽ ഉന്നയിച്ചിരുന്നു.
മദ്യപിച്ച് വാഹനമോടിച്ചതിനാണ് 2018 ഫെബ്രുവരി 26ന് ആലുവ എടത്തല പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പ്രതികളെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചയുടൻ നാർകോട്ടിക്സ് സെൽ എഎസ്പിയായിരുന്ന സുജിത്ദാസ് അവിടെയെത്തി. തുടർന്ന് പ്രതികളെ മറ്റൊരു കേന്ദ്രത്തിലെത്തിച്ച് ക്രൂരമായി മർദിച്ചെന്നായിരുന്നു ആരോപണം. നിലവിലെ അന്വേഷണം ശരിയായി നടക്കുന്നുണ്ടെന്നും ആരോപണവിധേയനായ ഉദ്യോഗസ്ഥന് അന്വേഷണത്തിൽ പങ്കില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പ്രതികളെ മജിസ്ട്രേട്ട് മുമ്പാകെ ഹാജരാക്കിയപ്പോൾ മർദനപരാതി പറഞ്ഞിട്ടില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
ആരോപണവിധേയനായ ഉദ്യോഗസ്ഥൻ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹർജിക്കാരിയുടെ ഭർത്താവ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ മർദനം സംബന്ധിച്ച ആരോപണമില്ല. മജിസ്ട്രേട്ട് മുമ്പാകെയും മർദനകാര്യം പ്രതികൾ പറഞ്ഞിട്ടില്ല. പ്രതികളിൽനിന്ന് ലഹരിമരുന്ന് പിടികൂടിയതിന് തഹസിൽദാറും മറ്റു രണ്ടുപേരും പ്രോസിക്യൂഷൻ സാക്ഷികളാണ്. ഹർജിയിലെ വാദം തെളിയിക്കുന്ന രേഖകളൊന്നുമില്ല. നിലവിലെ അന്വേഷണത്തിൽ അപാകം കാണുന്നില്ല. അസാധാരണ സാഹചര്യങ്ങളിലല്ലാതെ സിബിഐപോലുള്ള ഏജൻസികൾക്ക് കേസ് വിടാനാകില്ലെന്നും ഉത്തരവിൽ പറഞ്ഞു.