മഞ്ചേരി
സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ കണ്ണൂർ വാരിയേഴ്സിന്റെ കുതിപ്പ്. മലപ്പുറം എഫ്സിയെ 2–-1ന് തകർത്ത് ഒന്നാംസ്ഥാനത്തേക്ക് കുതിച്ചു. രണ്ടുവീതം ജയവും സമനിലയുമായി എട്ട് പോയിന്റാണ്. മലപ്പുറത്തിന് നാല് കളിയിൽ രണ്ടാം തോൽവിയാണ്. ഒന്നുവീതം ജയവും സമനിലയും. നാലാംസ്ഥാനം. മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന കളിയിൽ കണ്ണൂരിനായിരുന്നു ആധിപത്യം. അഡ്രിയാൻ സാർഡിനെറോ, ഐസിയർ ഗോമസ് അൽവാരസ് എന്നിവർ ഗോളടിച്ചു. മലപ്പുറത്തിനായി ഫസലുറഹ്മാൻ ഒന്നുമടക്കി.
സ്വന്തം തട്ടകത്തിൽ ആദ്യജയത്തിനായി ഇറങ്ങിയ മലപ്പുറത്തിന് കണ്ണൂരിന്റെ മിടുക്കിനുമുന്നിൽ പിടിച്ചുനിൽക്കാനായില്ല. മുൻ മത്സരങ്ങളിൽനിന്ന് വ്യത്യസ്തമായി മധ്യനിരയിലാണ് കൂടുതൽ ശ്രദ്ധ നൽകിയത്. പെഡ്രോ മാൻസി, അനസ് എടത്തോടിക എന്നിവർക്കുപകരം അലെക്സ് സാഞ്ചസ്, സെർജിയോ ബാർബോസ എന്നിവരെത്തി. അനസിന് കളിക്കുമുന്നോടിയായുള്ള പരിശീലനത്തിനിടെ പരിക്കേൽക്കുകയായിരുന്നു.
ആതിഥേയരുടെ മുന്നേറ്റത്തോടെയായിരുന്നു തുടക്കം. എന്നാൽ, സ്പാനിഷ് കരുത്തുമായി മുന്നേറിയ കണ്ണൂർ കളി തുടങ്ങി 20 മിനിറ്റിനുള്ളിൽ ഗോളടിച്ചു. ഇടതുവശത്തുനിന്ന് തിമോത്തി നൽകിയ പന്ത് സാർഡിനെറോയിലേക്ക്. ഐസിയർ ഗോമസിനെയാണ് ലക്ഷ്യംവച്ചത്. പ്രതിരോധക്കാർക്കിടയിലൂടെ മുന്നേറിയ ഗോമസ് പന്ത് കൂട്ടുകാരന് തിരിച്ചുനൽകി. മുന്നോട്ടുവന്ന ഗോളി ടെൻസിങ് സാംഡുപിനെ മറികടന്ന് സാർഡിനെറോ പന്ത് വലയിലാക്കി. അരമണിക്കൂർ തികയുമ്പോഴേക്കും ഗോമസ് ലീഡുയർത്തി. മലപ്പുറത്തിന്റെ ത്രോ പിടിച്ചെടുക്കുകയായിരുന്നു. മുഹമ്മദ് റാഷിദ് പന്ത് ഗോമസിലേക്ക് കെെമാറി. ഒറ്റയ്ക്ക് മുന്നേറിയ സ്പാനിഷുകാരൻ അനായാസം ലക്ഷ്യംകണ്ടു.
ഇടവേളയ്ക്ക് തൊട്ടുമുമ്പ് മലപ്പുറം തിരിച്ചടിച്ചു. മിഥ് അഥേക്കർ നീട്ടി നൽകിയ പാസ് ബോക്സിന് പുറത്തുവച്ച് പിടിച്ചെടുത്ത ഫസലുറഹ്മാൻ തകർപ്പൻ ഷോട്ടിലൂടെ ലക്ഷ്യം കണ്ടു.രണ്ടാംപകുതിയിൽ സമനില നേടാനുള്ള അവസരം നഷ്ടപ്പെടുത്തി. അജയ് നൽകിയ ക്രോസിൽ സാഞ്ചസ് തലവച്ചെങ്കിലും ഗോളിമാത്രം മുന്നിൽനിൽക്കെ പുറത്തുപോയി. പിന്നാലെ പന്ത് വലയിൽ എത്തിച്ചെങ്കിലും ഓഫ് സൈഡായി. ബെയ്റ്റിയ എടുത്ത ഫ്രീകിക്ക് സെർജിയോ ബാർബോസ വലയിലാക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിസിൽ മുഴക്കി. നാളെ ഫോഴ്സ കൊച്ചിയും തിരുവനന്തപുരം കൊമ്പൻസും തമ്മിലാണ് കളി. കൊച്ചിയാണ് വേദി.