കോഴിക്കോട്
സൂപ്പർ ലീഗ് കേരളയിൽ തൃശൂർ മാജിക് എഫ്സിക്ക് ആവേശ സമനില. പരിക്കുസമയത്ത് നേടിയ ഇരട്ടഗോളിൽ 2–-2ന് തൃശൂർ, കലിക്കറ്റ് എഫ്സിയെ തളച്ചു. ബ്രസീൽ താരങ്ങളായ സിൽവ ഗോമസ്, ലൂക്കാസ് എഡ്വാർഡോ സിൽവ ഡി ഗോസ് എന്നിവരാണ് തൃശൂരിനായി ലക്ഷ്യംകണ്ടത്. കലിക്കറ്റിനായി മലയാളിതാരങ്ങളായ പി ടി മുഹമ്മദ് റിയാസ്, പി എം ബ്രിട്ടോ എന്നിവരും ഗോളടിച്ചു. ആദ്യപകുതി ഗോളില്ലാതെ അവസാനിച്ചപ്പോൾ ഇടവേളയ്ക്കുശേഷം കളിക്ക് ചൂടുപിടിച്ചു. തൃശൂർ തുടക്കത്തിൽ ആധിപത്യത്തോടെ പന്ത് തട്ടി. കലിക്കറ്റ് രണ്ടാംപകുതിയിൽ ഉണർന്നുകളിച്ചു. ഇതോടെ ഗോൾ മുഴങ്ങി.
ഇടവേളയ്ക്കുശേഷമുള്ള നാലാം മിനിറ്റിൽ കലിക്കറ്റ് കളംപിടിച്ചു. ഇരുപത്തിരണ്ടുകാരൻ പി ടി മുഹമ്മദ് റിയാസ് ഗോൾ നേടി. പകരക്കാരനായി ഇറങ്ങിയ മുന്നേറ്റക്കാരൻ പി എം ബ്രിട്ടോയുടെ മികവാണ് അവസരമൊരുക്കിയത്. ഇടതുപാർശ്വത്തിൽനിന്ന് കുതിച്ച ഗനി അഹമ്മദ് നിഗം ബോക്സിലേക്ക് പന്തൊഴുക്കി. ബോക്സിന്റെ ഇടതുമൂലയിൽനിന്ന് പന്ത് സ്വീകരിച്ച ബ്രിട്ടോ തൃശൂരിന്റെ മൂന്ന് പ്രതിരോധക്കാരെ വെട്ടിച്ച് വല ലക്ഷ്യമാക്കി തൊടുത്തു. എന്നാൽ, ഗോൾകീപ്പർ ജെയ്മി ജോയ് അത് തട്ടിയകറ്റി. തെറിച്ചുവന്ന പന്ത് റിയാസ് അനായാസം വലയിലാക്കി.ഒരു ഗോളിനു പുറകിലായതോടെ കലിക്കറ്റിന്റെ ഗോൾമുഖം വിറപ്പിച്ച് തൃശൂർ നിരന്തരം ആക്രമണം അഴിച്ചുവിട്ടു. അതിവേഗ പ്രത്യാക്രമണങ്ങൾകൊണ്ട് കലിക്കറ്റും ആവേശം നിറച്ചു.
കലിക്കറ്റിന് അവസരങ്ങൾ കിട്ടി. ഗോളെണ്ണം കൂട്ടാനുള്ള മികച്ച അവസരം റിയാസ് പാഴാക്കുകയായിരുന്നു. ഗോൾമുഖത്ത് കിട്ടിയ പന്ത് പുറത്തേക്കടിച്ചു. മധ്യഭാഗത്തുനിന്ന് ഗനി നൽകിയ നീക്കമായിരുന്നു അത്.
കളിയുടെ അവസാനഘട്ടത്തിൽ ആക്രമണ പ്രത്യാക്രമണങ്ങൾ നിറഞ്ഞു. ഇതിനിടെ, കലിക്കറ്റ് ലീഡുയർത്തി. നിശ്ചിതസമയം അവസാനിക്കാൻ ഒമ്പത് മിനിറ്റ് ശേഷിക്കെയായിരുന്നു ഗോൾ. ബ്രിട്ടോയുടെ തകർപ്പൻ ഹെഡർ. മൈതാന മധ്യത്തുനിന്ന് നീട്ടി നൽകിയ പന്ത് വലതു പാർശ്വത്തിലൂടെ കുതിച്ചെത്തി കാലിലൊതുക്കിയ കെ അഭിരാം ബോക്സിനകത്തേക്ക് ഉയർത്തിനൽകി. ഉയർന്നുചാടിയ ബ്രിട്ടോ ഗോൾകീപ്പറെ കാഴ്ചക്കാരനാക്കി പന്ത് വലയിലേക്ക് കുത്തിയിട്ടു. പരിക്കുസമയം കളി മാറി. തൃശൂർ മത്സരത്തിലേക്ക് തിരിച്ചുവന്നു. പകരക്കാരനായി ഇറങ്ങിയ സിൽവ ഗോമസ് ആദ്യവെടി പൊട്ടിച്ചു. തൃശൂരിന്റെ ഫ്രീകിക്ക് കലിക്കറ്റിന്റെ ഗോളി വിശാലിന്റെ കൈയിൽ ഒതുങ്ങിയില്ല. തട്ടി തിരിച്ചുവന്ന പന്ത് സിൽവ ഗോമസ് വലയിലാക്കി. അവസാനനിമിഷം ആരാധകരെ ത്രസിപ്പിച്ച് സിൽവ ഡി ഗോസിന്റെ സമനില ഹെഡർ. മാഴ്സെലോ എടുത്ത കോർണർ വലയിലെത്തിക്കാനുള്ള ആദ്യശ്രമം വിഫലമായി. വിശാൽ രക്ഷപ്പെടുത്തിയപ്പോൾ പോസ്റ്റിനു തട്ടിവന്ന പന്ത് സിൽവ ഡി ഗോസ് കുത്തിയിട്ടു.
സ്വന്തം തട്ടകത്തിൽ ആദ്യജയമെന്ന ലക്ഷ്യം കലിക്കറ്റിന് പൂർത്തിയാക്കാനായില്ല. തൃശൂരിന്റെ രണ്ടാം സമനിലയാണ്. കലിക്കറ്റിന് നാലുകളിയിൽനിന്ന് ആറു പോയിന്റുണ്ട്. തൃശൂരിന് നാലുകളിയിൽ രണ്ട് പോയിന്റും. ഇതുവരെ ജയിക്കാനായിട്ടില്ല. ഏറ്റവും അവസാന സ്ഥാനത്ത് തുടർന്നു.
ഇന്ന് കണ്ണൂർ
മലപ്പുറത്തോട്
സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ സ്വന്തം മണ്ണിൽ ആദ്യജയം തേടി മലപ്പുറം എഫ്സി ഇന്ന് കണ്ണൂർ വാരിയേഴ്സിനെ നേരിടും. രാത്രി 7.30ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് പോരാട്ടം. മൂന്നുകളിയിൽ ഒരു ജയവും സമനിലയും തോൽവിയുമായി മലപ്പുറത്തിന് നാല് പോയിന്റും ഒരു ജയവും രണ്ട് സമനിലയുമായി കണ്ണൂരിന് അഞ്ച് പോയിന്റുമാണുള്ളത്. കലിക്കറ്റിനോട് സ്വന്തം മൈതാനത്ത് തോറ്റ മലപ്പുറം കഴിഞ്ഞ മത്സരത്തിൽ തൃശൂരിനോട് സമനിലയിൽ കുരുങ്ങി.