തിരുവനന്തപുരം
സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട വ്യാജപ്രചാരണം ശക്തമാകുമ്പോഴും വിദേശ വിദ്യാർഥികളുടെ പ്രിയപ്പെട്ട പഠനയിടമായി കേരളം. സംസ്ഥാനത്തെ വിവിധ സർവകലാശാലകളിൽ ബിരുദംമുതൽ ഗവേഷണംവരെയുള്ള പഠനത്തിന് ഈ വർഷം അപേക്ഷ നൽകിയത് അയ്യായിരത്തോളം വിദ്യാർഥികൾ.
കേരള സർവകലാശാലയിൽ ഈ അധ്യയനവർഷം അപേക്ഷിച്ചത് 2600 വിദ്യാർഥികളാണ്. മുൻവർഷം 1600 ആയിരുന്നു. എംജി സർവകലാശാലയിൽ 885 വിദേശവിദ്യാർഥികളാണ് അപേക്ഷ നൽകിയത്. കഴിഞ്ഞവർഷം 571 അപേക്ഷകളായിരുന്നു. കുസാറ്റിൽ 1410 അപേക്ഷ ലഭിച്ചു. കഴിഞ്ഞവർഷം 1,100 ആയിരുന്നു. 55 ശതമാനത്തോളം അപേക്ഷകരുടെ എണ്ണം കൂടി. യുവാക്കൾ വിദേശത്തേക്ക് ചേക്കേറുമ്പോഴാണ് കേരളത്തിലേക്ക് വിദേശവിദ്യാർഥികളുടെ തള്ളിക്കയറ്റമെന്നതും ശ്രദ്ധേയം
കേരളത്തിൽ പഠനത്തിന് അപേക്ഷ നൽകിയവരിൽ 58 രാജ്യങ്ങളിൽനിന്നുള്ളവരുണ്ട്. ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിന്റെ സ്കോളർഷിപ്പോടെ പഠിക്കാനായാണ് വിദ്യാർഥികൾ അപേക്ഷിച്ചിട്ടുള്ളത്. ഐസിസിആർ എംപാനൽ ചെയ്ത 131 സർവകലാശാലകളിൽ വിദ്യാർഥികൾക്ക് താൽപ്പര്യമുള്ള സ്ഥാപനം തെരഞ്ഞെടുക്കാം.
കേരള സർവകലാശാലയാണ് കൂടുതൽ വിദ്യാർഥികളും തെരഞ്ഞെടുത്തത്.സെൽഫ് ഫിനാൻസിങ് വിഭാഗത്തിലും വിദേശ വിദ്യാർഥികൾ ചേർന്നിട്ടുണ്ട്. നിലവിൽ അഞ്ഞൂറോളം വിദ്യാർഥികൾ വിവിധ സർവകലാശാലകളിൽ പഠിക്കുന്നുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നാണ് കൂടുതൽ അപേക്ഷകർ. യുകെ, യുഎസ്എ, ബോട്സ്വാന-, ബംഗ്ലാദേശ്-, ഇറാഖ്-, ടാൻസാനിയ-, നൈജീരിയ-, മലാവി-, യെമൻ, ശ്രീലങ്ക-, മാലി, ലെസോത്തോ-, നേപ്പാൾ-, അങ്കോള-, എത്യോപ്യ-, ഉഗാണ്ട-, ഗാംബിയ-, സെനഗൽ, ചൈന, നൈജർ, സെർബിയ, പോർച്ചുഗൽ, നമീബിയ, മാലദ്വീപ്, മലേഷ്യ, സൗദി അറേബ്യ, ജിബൂട്ടി, കോംഗോ, ഗിനി, തായ്ലൻഡ് എന്നിവിടങ്ങളിൽനിന്നുമുള്ള അപേക്ഷകരുമുണ്ട്.
എന്തുകൊണ്ട്
കേരളം?
വിദ്യാർഥികളെ ആകർഷിക്കുന്ന പ്രധാനഘടകം കേരളത്തിലെ സമാധാന അന്തരീക്ഷവും അടിസ്ഥാന സൗകര്യങ്ങളും കാലാവസ്ഥയുമാണ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള താമസസൗകര്യവും ഭക്ഷണവും കേരളത്തിൽ ലഭ്യമാണ്. ലൈബ്രറി, ലബോറട്ടറി, റഫറൻസ് ഗ്രന്ഥങ്ങൾ, മികച്ച അധ്യാപകർ തുടങ്ങിയവും വിദേശ വിദ്യാർഥികളെ ആകർഷിക്കുന്നു.