സോൾ > ദക്ഷിണകൊറിയയിൽ നിന്ന് യുവതിയെ കാണാതായ സംഭവത്തിൽ പതിനാറു വർഷത്തിനു ശേഷം നാടകീയമായ വഴിത്തിരിവ്. യുവതിയുടെ സുഹൃത്ത് ഇവരെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കോൺക്രീറ്റിട്ട് മൂടുകയായിരുന്നുവെന്ന് കണ്ടെത്തി. സംഭവത്തിൽ യുവതിയുടെ സുഹൃത്തായിരുന്ന യുവാവിനെ അറസ്റ്റ് ചെയ്തു. 2008ലാണ് പെൺകുട്ടിയെ കാണാതായത്. യുവാവിനെ ചോദ്യം ചെയ്തിരുന്നുവെങ്കിലും തങ്ങൾ പിരിഞ്ഞുവെന്നും യുവതിയെക്കുറിച്ച് അറിവില്ലെന്നുമാണ് മൊഴി നൽകിയിരുന്നത്. അന്വേഷണം നീണ്ടു പോകുന്നതിനിടെയാണ് 16 വർഷത്തിനു ശേഷം കേസിൽ പുതിയ വഴിത്തിരിവുണ്ടായത്.
യുവതിയെ കാണാനില്ലെന്നു മാത്രമായിരുന്നു പുറത്തറിഞ്ഞത്. എന്നാൽ യുവാവിന്റെ വീട്ടിലെ ബാൽക്കണിയിലെ ചോർച്ച പരിഹരിക്കാനെത്തിയ തൊഴിലാളികൾ സിമന്റിൽ പൊതിഞ്ഞ നിലയിൽ സ്യൂട്ട്കേസ് കണ്ടെത്തിയതോടെയാണ് ഞെട്ടിക്കുന്ന കൊലപാതക വിവരും പുറത്തറിഞ്ഞത്. സ്യൂട്ട്കേസിനുള്ളിൽ നിന്ന് ലഭിച്ച ശരീരഭാഗങ്ങളുടെ ശാസ്ത്രീയ പരിഷോധനയിലാണ് കാണാതായ യുവതിയുടേതാണെന്ന് തിരിച്ചറിഞ്ഞത്. പിന്നാലെ നടത്തിയ ചോദ്യംചെയ്യലില് യുവതിയെ കൊലപ്പെടുത്തിയതായി ഇയാൾ സമ്മതിച്ചു. യുവതിയുമായി ഉണ്ടായ തര്ക്കമാണ് കൊലപാതകത്തിന് കാരണം. ശേഷം മൃതദേഹം സ്യൂട്ട്കേസിലാക്കി സിമന്റും ഇഷ്ടികയും ഉപയോഗിച്ച് ബാല്ക്കണിയില് കോൺക്രീറ്റ് ചെയ്യുകയായിരുന്നു.