തൃശൂർ/കണ്ണൂർ > കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവും ധീരരക്തസാക്ഷിയുമായ അഴീക്കോടൻ രാഘവന് നാടിന്റെ സ്മരണാഞ്ജലി. 52––ാം രക്തസാക്ഷിത്വ വാർഷികദിനം വിവിധ പരിപാടികളോടെ ആചരിച്ചു. വലതുപക്ഷ മാധ്യമങ്ങളുടെയും യുഡിഎഫ്–ബിജെപി രാഷ്ട്രീയ കൂട്ടുകെട്ടിന്റെയും സംസ്ഥാനവിരുദ്ധ ഗൂഢാലോചന തുറന്നുകാട്ടുന്ന ക്യാമ്പയിനുകളായാണ് അനുസ്മരണം സംഘടിപ്പിച്ചത്.
സിപിഐ എം തൃശൂർ ജില്ലാകമ്മിറ്റി തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എം എം വർഗീസ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു സംസാരിച്ചു.
സിപിഐ എം നേതൃത്വത്തിൽ രാവിലെ ബ്രാഞ്ച് കേന്ദ്രങ്ങളിലും പാർടി ഓഫീസുകളിലും പ്രഭാതഭേരി മുഴക്കി പതാക ഉയർത്തി. അഴീക്കോടൻ കുത്തേറ്റ് വീണ ചെട്ടിയങ്ങാടിയിലെ സ്മൃതി മണ്ഡപത്തിൽ എം എം വർഗീസ് പുഷ്പാർച്ചന നടത്തി. സംസ്ഥാന കമ്മിറ്റി അംഗം എം കെ കണ്ണൻ അധ്യക്ഷനായി.
പയ്യാമ്പലത്തെ രക്തസാക്ഷിസ്തൂപത്തിലെ പുഷ്പാർച്ചനയിലും അനുസ്മരണയോഗത്തിലും സിപിഐ എം നേതാക്കളും പ്രവർത്തകരും അഴീക്കോടന്റെ കുടുംബാംഗങ്ങളും പങ്കെടുത്തു. കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി അനുസ്മരണപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ അധ്യക്ഷനായി. മുതിർന്ന സിപിഐ എം നേതാവ് എം എം ലോറൻസിന്റെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. പള്ളിക്കുന്ന് പാലത്തിനു സമീപം ചേർന്ന പൊതുയോഗം എം വി ജയരാജൻ ഉദ്ഘാടനംചെയ്തു.
തിരുവനന്തപുരത്ത് എ കെ ജി സെന്ററിലും ദേശാഭിമാനി യൂണിറ്റിലും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പുത്തലത്ത് ദിനേശൻ പതാകയുയർത്തി. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ കാട്ടായിക്കോണം വി ശ്രീധർ സ്മാകത്തിൽ ജില്ലാ സെക്രട്ടറിയറ്റംഗം എൻ രതീന്ദ്രൻ പതാക ഉയർത്തി.