കൊച്ചി> അന്തരിച്ച സിപിഐ എം നേതാവ് എം എം ലോറൻസിന്റെ മൃതശരീരം എറണാകുളം മെഡിക്കൽ കോളേജിന് കൈമാറി. മെഡിക്കൽ വിദ്യാർഥികളുടെ പഠന ഗവേഷണങ്ങളിലൂടെ തന്റെ ശരീരവും സമൂഹത്തിനായ് സമർപ്പിക്കപ്പെടണമെന്ന അദ്ദേഹത്തിന്റെ അഭിലാഷ പ്രകാരമായിരുന്നു ഇത്.
മെഡിക്കല് ട്രസ്റ്റ് ആശുപത്രി മോർച്ചറിയിലായിരുന്നു മൃതദേഹം സൂക്ഷിച്ചത്. തിങ്കളാഴ്ച രാവിലെ എട്ടിന് ഗാന്ധിനഗറിലെ വീട്ടിൽ എത്തിച്ചു. ഇവിടെ പൊതുദർശനത്തിനു ശേഷം സി.പി.ഐ എം ജില്ലാ കമ്മിറ്റി ഓഫീസായ ലെനിന് സെന്ററില് എത്തിച്ചു. തുടർന്ന് ടൗൺഹാളിൽ വൈകീട്ട് നാലുവരെ ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവർ അന്ത്യോപചാരം അർപ്പിച്ചു. തുടർന്ന് കോടതി നിർദ്ദേശം പാലിച്ച് മൃതദേഹം ഗവ. മെഡിക്കല് കോളേജ് ആശുപത്രിക്ക് കൈമാറി.
മെഡിക്കൽ കോളേജിന് കൈമാറുന്നതിന് എതിരായ ഹരജി
മെഡിക്കൽ കോളേജിന് മൃതദേഹം കൈമാറുന്നതിന് എതിരായ എം എം ലോറൻസിന്റെ മകൾ ആശയുടെ ഹർജി ഹൈക്കോടതി വൈകുന്നേരത്തോടെ തന്നെ തീർപ്പാക്കി. മൃതദേഹം മെഡിക്കല് കോളേജിന് കൈമാറാമെന്നാണ് ഹര്ജി തീര്പ്പാക്കി കോടതി വ്യക്തമാക്കിയിരിക്കുന്നത്. അനാട്ടമി ആക്ട് പ്രകാരം അന്തിമ തീരുമാനം കളമശ്ശേരി മെഡിക്കല് കോളേജിന് എടുക്കാമെന്ന് ഹൈക്കോടതി പറഞ്ഞു. എം എം ലോറന്സിന്റെ രണ്ടു മക്കളുടെ സത്യവാങ്മൂലവും മകൾ ആശയുടെ എതിർപ്പും പരിഗണിക്കണമെന്നായിരുന്നു കോടതി നിർദ്ദേശം
ശനിയാഴ്ച പകൽ 12 മണിക്ക് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു അന്ത്യം. ഫോർട്ട് കൊച്ചി മുളവുകാട് മാടമാക്കൽ വീട്ടിൽ അവിര മാത്യുവിന്റെയും മേരിയുടെയും 12 മക്കളിൽ നാലാമനായി 1929 ജൂൺ 15 നായിരുന്നു ജനനം. അധ്യാപകനും യുക്തിവാദിയുമായിരുന്നു അപ്പൻ.
തിങ്കളാഴ്ച നാലുമണി വരെ പൊതുദര്ശനം നടത്തിയ ശേഷം മൃതദേഹം മെഡിക്കല് കോളേജിന് കൈമാറാനാണ് തീരുമാനിച്ചിരുന്നത്. എന്നാല് ഇതിനിടെയാണ് ആശ ഹര്ജിയുമായി രംഗത്തെത്തിയത്. പള്ളിയില് സംസ്കാരം നടത്തണമെന്നും അവര് ഹര്ജിയില് ആവശ്യപ്പെട്ടിരുന്നു.
അന്തിമതീരുമാനം കളമശ്ശേരി മെഡിക്കല് കോളേജിന്
അനാട്ടമി ആക്ട് പ്രകാരം അന്തിമതീരുമാനം കളമശ്ശേരി മെഡിക്കല് കോളേജിന് എടുക്കാമെന്ന് ഹൈക്കോടതി പറഞ്ഞു. എം എം ലോറന്സിന്റെ രണ്ടു മക്കളുടെ സത്യവാങ്മൂലവും മകൾ ആശ ലോറസിന്റെ എതിര്പ്പും പരിഗണിക്കണമെന്നായിരുന്നു കോടതി നിർദ്ദേശം. മൃതദേഹം മെഡിക്കല് കോളേജിന് കൈമാറാമെന്നാണ് ഹര്ജി തീര്പ്പാക്കി കോടതി വ്യക്തമാക്കിയത്.
മുൻതീരുമാന പ്രകാരം കളമശ്ശേരി മെഡിക്കല് കോളേജിന് മൃതദേഹം വിട്ടുനല്കാം. മെഡിക്കല് കോളേജിന് പഠനാവശ്യത്തിന് ഒരു മൃതദേഹം വിട്ടുനല്കിയാലും വളരെ പെട്ടെന്ന് അത് പഠനാവശ്യത്തിനായി ഉപയോഗിക്കുകയില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. ഏതാണ്ട് ഒരു വര്ഷത്തിനു ശേഷമേ മൃതദേഹം പഠനാവശ്യത്തിനായി ഉപയോഗിക്കുകയുള്ളൂ. ഈ കാലയളവിനുള്ളില് മെഡിക്കല് കോളേജ് വിഷയത്തില് അന്തിമതീരുമാനം കൈക്കൊള്ളണം.
മൃതദേഹം വിട്ടുനല്കുന്നതില് മകള് ആശയ്ക്കുള്ള എതിര്പ്പും മൃതദേഹം വിട്ടുകൊടുക്കുന്നതില് എതിര്പ്പില്ലെന്ന മറ്റ് രണ്ടു മക്കളുടെ നിലപാടും പരിഗണിച്ചുവേണം മെഡിക്കല് കോളേജ് പ്രിന്സിപ്പല് വിഷയത്തില് തീരുമാനം കൈക്കൊള്ളാനെന്നും കോടതി പറഞ്ഞിട്ടുണ്ട്.
പിതാവ് പള്ളി ഇടവാംഗമായിരുന്നെന്നും വിവാഹം നടന്നത് പള്ളിയിലായിരുന്നു എന്നതുമാണ് എതിർപ്പിന് കാരണമായി കോടതിയില് ഉന്നയിച്ചത്. എഴുതിത്തയ്യാറാക്കിയ ഒരു വില്പത്രം ഇല്ലെങ്കിൽത്തന്നെയും മൃതദേഹം മെഡിക്കല് കോളേജിന് വിട്ടുനല്കാനാണ് താല്പര്യമെന്ന് പിതാവ് തങ്ങളോടു പറഞ്ഞിട്ടുണ്ടെന്ന് മറ്റു രണ്ടു മക്കളും കോടതിയിൽ ബോധിപ്പിച്ചു. ഈ അഭിപ്രായം കൂടി പരിഗണിച്ചാണ് മൃതദേഹം മെഡിക്കല് കോളേജിന് വിട്ടുനല്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.
സഹോദരനും സ്വാതന്ത്ര്യ സമരസേനാനിയുമായ എബ്രഹാം മാടമാക്കലാണ് ഇടതുരാഷ്ട്രീയത്തിന്റെ ആദ്യപാഠങ്ങള് എം എം ലോറന്സിന് പകര്ന്നു നല്കുന്നത്. പതിനൊന്നാം വയസില് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള എഴുതിയ കാറല് മാര്ക്സിനെ കുറിച്ചുള്ള പുസ്തകം എബ്രഹാം ലോറന്സിന് നല്കി. മാര്ക്സിനെ അടുത്തറിയുന്നത് ഈ പുസ്തക വായനയിലൂടെയാണ്. 1946 ൽ തന്റെ പതിനെട്ടാം വയസില് കമ്യൂണിസ്റ്റ് പാര്ട്ടി അംഗമായി.
ജീവിതവും ഒടുവിൽ സ്വശരീരവും സമൂഹത്തിനായി സമർപ്പിച്ച നേതാക്കൾ
അന്തരിച്ച സിപിഐ എം നേതാവ് സീതാറാം യെച്ചൂരിയുടെ മൃതശരീരം ഡൽഹിയിലെ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് വിദ്യാർഥികൾക്ക് വൈദ്യപഠനത്തിനായി കൈമാറിയിരുന്നു. സെപ്തംബർ 12 നാണ് യെച്ചൂരി അന്തരിച്ചത്.
രണ്ടു വർഷം മുൻപ് അന്തരിച്ച യെച്ചൂരിയുടെ മാതാവ് കല്പകം യെച്ചൂരിയുടെ മൃതശരീരവും അവരുടെ ഇഷ്ടപ്രകാരം മെഡിക്കൽ പഠനത്തിനായി വിട്ടു നൽകുകയായിരുന്നു.
അന്തരിച്ച ബംഗാൾ മുൻ മുഖ്യമന്ത്രിയും സിപിഐ എം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയുടെ മൃതദേഹം കൊല്ക്കത്തയിലെ നീൽ രത്തൻ സര്ക്കാർ മെഡിക്കൽ കോളജിനു ദാനം ചെയ്യുകയായിരുന്നു. 2006 മാര്ച്ചിൽത്തന്നെ ഇതു സംബന്ധിച്ച സമ്മതപത്രത്തില് അദ്ദേഹം ഒപ്പുവച്ചിരുന്നു.
ബുദ്ധദേവിന്റെ മുന്ഗാമിയും 34 വര്ഷം ബംഗാൾ മുഖ്യമന്ത്രിയുമായിരുന്ന ജ്യോതി ബസുവിന്റെ മൃതദേഹവും വൈദ്യശാസ്ത്ര പഠനത്തിനായി സമർപ്പിച്ചിരുന്നു. 2010 ജനുവരിയിലായിരുന്നു അദ്ദേഹത്തിന്റെ മരണം. 2003 ഏപ്രിലില്ത്തന്നെ ശരീരദാനത്തിനുള്ള സമ്മതപത്രത്തില് അദ്ദേഹം ഒപ്പുവച്ചിരുന്നു. ബസുവിന്റെ മൃതദേഹം കൊല്ക്കത്തയിലെ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല് എജ്യുക്കേഷന് ആന്ഡ് റിസര്ച്ചിനാണ് നൽകിയത്.
സിപിഐ എം മുന് സെക്രട്ടറി അനില് ബിശ്വാസ്, മുതിര്ന്ന നേതാവ് ബിനോയ് ചൗധരി എന്നിവരും മൃതദേഹം ദാനം ചെയ്തു. ലോക്സഭാ മുൻ സ്പീക്കര് സോമനാഥ് ചാറ്റര്ജി 2000 ല് തന്റെ ശരീരം ദാനം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തിരുന്നു. 2018 ലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. സ്പീക്കർ പദവിയിൽ എത്തുന്നിതിന് മുൻപു തന്നെ അദ്ദേഹം സമ്മതപത്രം എഴുതിയിരുന്നു.
കൊൽക്കത്തയിലെ എസ്എസ്കെഎം ആശുപത്രിയാണ് അദ്ദേഹത്തിന്റെ മൃതദേഹം സ്വീകരിച്ചത്. അദ്ദേഹത്തിന്റെ നേത്ര കോർണിയ കൊൽക്കത്തയിലെ റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിക്കാണ് നൽകിയത്.
രാജ്യത്ത് ഏറ്റവുമധികം മൃതദേഹങ്ങൾ പഠനത്തിനായി ലഭിക്കുന്ന സംസ്ഥാനം പശ്ചിമ ബംഗാളാണ്. ഇതുവരെ നാലായിരത്തോളം മൃതദേഹങ്ങൾ സ്വയം സമർപ്പണമായി ലഭിച്ചതായാണ് കണക്ക്.
ബംഗാളിലെ മുതിർന്ന സിപിഐ എം നേതാവ് ബിമൻ ബോസും മൃതശരീരം ദാനം ചെയ്യാനുള്ള സമ്മതപത്രം നൽകിയിട്ടുണ്ട്.
എംഡി, എംബിബിഎസ്, നഴ്സിങ്, പാരാമെഡിക്കൽ വിദ്യാർഥികൾ പഠനാവശ്യത്തിനായും ഗവേഷണത്തിനുമാണ് മൃതദേഹങ്ങൾ പ്രയോജനപ്പെടുത്തുന്നത്. തൊലി പൊള്ളലേറ്റവർക്കായുള്ള ചികിത്സയ്ക്കായി ഉപയോഗിക്കുന്നതും പതിവുണ്ട്. ഒരു വർഷം കാത്തു സൂക്ഷിച്ച ശേഷമാണ് ഇതിൽ നടപടിയെടുക്കാറ്.
കനൽവഴികളിൽ കരുത്തായ നേതാവ്
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, എറണാകുളം ജില്ലാ സെക്രട്ടറി, ഇടതുമുന്നണി കൺവീനർ, സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എന്നിങ്ങനെ ബഹുനിലകളിൽ പ്രവർത്തിച്ച നേതാവാണ് സഖാവ് എം എം ലോറൻസ്. പാർടി പ്രവർത്തനം അതീവദുഷ്കരമായ കാലഘട്ടത്തിൽ തൊഴിലാളികളുടേയും പൊതുജനങ്ങളുടേയും ആവശ്യങ്ങൾക്കുവേണ്ടിയും സംഘടിക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയും അതിശക്തമായി പോരാടിയ നേതാവാണ് അദ്ദേഹം. കൊടിയ മർദ്ദനങ്ങൾക്കും ദീർഘകാലം ജയിൽവാസത്തിനും വിധേയനായിട്ടുള്ള അദ്ദേഹം സിപിഐ എമ്മിനും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും നൽകിയ സംഭാവന വിലമതിക്കാനാവാത്തതാണ്.
സ്വാതന്ത്ര്യസമരം നടക്കുന്ന കാലത്ത് ത്രിവർണപതാക പോക്കറ്റിൽ കുത്തി സ്കൂളിലെത്തിയ ലോറൻസിനെ അദ്ദേഹം പഠിച്ച സെന്റ് ആൽബർട്ട്സ് സ്കൂളിൽ നിന്ന് പുറത്താക്കിയ ചരിത്രമുണ്ട്. എറണാകുളം മുനവിറുൽ ഇസ്ലാം സ്കൂളിൽ പഠനം തുടർന്നെങ്കിലും പത്താം ക്ലാസിൽ വിദ്യാഭ്യാസം അവസാനിപ്പിച്ച് രാഷ്ട്രീയത്തിൽ സജീവമാവുകയായിരുന്നു. ഇടപ്പള്ളി സമരത്തിന്റെ നായകന്മാരിൽ ഒരാൾ ആയിരുന്ന സഖാവ് 1950 ൽ അറസ്റ്റ് ചെയ്യപ്പെട്ട് അതിഭീകരമായ പൊലീസ് മർദ്ദനത്തിന് ഇരയായി. രണ്ടുവർഷത്തോളം വിചാരണത്തടവുകാരനായി കഴിഞ്ഞു. 1946 ലാണ് അദ്ദേഹം കമ്യൂണിസ്റ്റ് പാർടി അംഗമായത്. 1965–ൽ കരുതൽ തടങ്കൽ നിയമമനുസരിച്ചും അടിയന്തിരാവസ്ഥക്കാലത്തും അദ്ദേഹം വിവിധ ജയിലുകളിൽ കഴിഞ്ഞു. 1980 മുതൽ 1984 വരെ ഇടുക്കിയിൽ നിന്നുള്ള ലോക്സഭാംഗമായിരുന്നു.
കൊച്ചി തുറമുഖത്തിലെയടക്കം വിവിധ മേഖലകളിലെ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും തോട്ടം മേഖലയിലെ തൊഴിലാളികളെ അവകാശബോധമുള്ളവരാക്കി ട്രേഡ്യൂണിയൻ പ്രസ്ഥാനത്തിന് കീഴിൽ അണിനരത്തുന്നതിലുമടക്കം മുന്നിൽ നിന്നു. തോട്ടിപ്പണി ചെയ്തിരുന്നവരുടെ ആദ്യത്തെ സംഘടിത മുന്നേറ്റത്തിന് നേതൃത്വം നൽകി. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതാവെന്ന നിലയിൽ അദ്ദേഹം കേരളമാകെ അറിയപ്പെട്ടു.