കൊച്ചി > മുതിർന്ന സിപിഐ എം നേതാവ് എം എം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറരുതെന്ന മകളുടെ ആവശ്യം ഹൈക്കോടതി തള്ളി. മൃതദേഹം പള്ളിയിൽ സംസ്കരിക്കണമെന്ന മകൾ ആശയുടെ ആവശ്യമാണ് കോടതി തള്ളിയത്. അനാട്ടമി നിയമപ്രകാരം മെഡിക്കൽ കോളേജിന് തീരുമാനമെടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. തീരുമാനമുണ്ടാകുന്നതു വരെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിക്കാനാണ് ഉത്തരവ്.
ലോറൻസിന്റെ ആഗ്രഹ പ്രകാരം മൃതദേഹം മെഡിക്കൽ കോളേജിന് കെെമാറാനായിരുന്നു പാർടിയും കുടുംബവും തീരുമാനിച്ചത്. എന്നാൽ മകൾ ആശ ഇതിനെതിരെ രംഗത്ത് വരികയായിരുന്നു.
ആശയുടെ ഈ പ്രവർത്തിക്ക് പിന്നിൽ ആർഎസ്എസ് നേതാക്കളാണ് എന്ന് ലോറൻസിന്റെ മകൻ അഡ്വ. എംഎല് സജീവന് പറഞ്ഞു. അപ്പച്ചന്റെ ആഗ്രഹ പ്രകാരമാണ് മൃതദേഹം മെഡിക്കല് കോളജിന് കൈമാറുന്നത്. ഈ ആഗ്രഹം പിതാവ് തന്നോട് പറഞ്ഞിരുന്നു. തന്റെ പിതാവ് ദൈവവിശ്വാസി ആയിരുന്നില്ല. ഇപ്പോഴത്തെ വിവാദത്തിന് പിന്നില് ചില ആര്എസ്എസ് നേതാക്കളാണ്.– അദ്ദേഹം പറഞ്ഞു
ആര്എസ്എസിന്റെ കൈയിലെ ടൂളാണ് തന്റെ സഹോദരിയെന്നും അദ്ദേഹം പറഞ്ഞു. ജീവിച്ചിരിക്കുമ്പോഴും തന്റെ പിതാവിന്റെ നിലപാടിന് എതിരായിരുന്നു സഹോദരി. ഇപ്പോഴത്തെ വിവാദം പാര്ട്ടിയെയും നേതാക്കളെയും കരിവാരിത്തേക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പ്രതികരിച്ചു.