ബുഡാപെസ്റ്റ്: ലോക ചെസ് ഒളിമ്പ്യാഡിൽ ചരിത്രം കുറിച്ച് ഇന്ത്യയ്ക്ക് ഇരട്ട സ്വർണം. ഓപ്പൺ, വനിതാ വിഭാഗങ്ങളിൽ ഇന്ത്യ സ്വർണം നേടി. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ ചെസ് ഒളിമ്പ്യാഡിൽ സ്വർണം നേടുന്നത്. ഓപ്പൺ വിഭാഗത്തിലും വനിതാ വിഭാഗത്തിലും ഇന്ത്യ സ്വർണം നേടി. 2022, 2014 ചെസ് ഒളിമ്പ്യാഡുകളിൽ സ്വന്തമാക്കിയ വെങ്കലമായിരുന്നു ഇതിനു മുൻപ് ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം.
ആവേശപ്പോരാട്ടത്തിൽ അവസാന റൗണ്ടിൽ സ്ലൊവേനിയയെ തോൽപ്പിച്ചാണ് പുരുഷ വിഭാഗത്തിൽ ഇന്ത്യ മുന്നേറിയത്.ഓപ്പൺ വിഭാഗത്തിൽ ചരിത്രനേട്ടത്തിൻറെ വക്കിലായിരുന്നു ഇന്ത്യ. ലോക മൂന്നാം നമ്പർ താരം അർജുൻ എരിഗാസി സ്ലൊവേനിയൻ താരം യാൻ സുബെൽജിനെ തോൽപ്പിച്ചതോടെയാണ് സ്വർണം ഉറപ്പാക്കിയത്.
India team spirit! Celebration time! Olympiad Champions!
🇮🇳🥇🏆🥇🏆🇮🇳#BudapestOlympiad #FIDE100 @FIDE_chess @aicfchess @WOMChess pic.twitter.com/jzJXBzQOs1
— Susan Polgar (@SusanPolgar) September 22, 2024
ഡി.ഗുകേഷ് വ്‌ലാഡിമിർ ഫെഡോസീവിനെതിരെയും, ആർ. പ്രഗ്‌നാനന്ദ ആൻറൺ ഡെംചെങ്കോയ്‌ക്കെതിരെയും നേടിയ വിജയങ്ങളും ഇന്ത്യയുടെ ചരിത്രക്കുതിപ്പിൽ നിർണായകമായി. വനിതാ വിഭാഗത്തിൽ അസർബൈജാനെ വീഴ്ത്തിയാണ് ഇന്ത്യ ചരിത്രം കുറിച്ചത്. വനിതകളിൽ ഡി.ഹരിക, വന്തിക, ദിവ്യ ദേശ്മുഖ് എന്നിവർ ജയിച്ചു കയറിയപ്പോൾ, ആർ.വൈശാലി സമനില പിടിച്ചു.
ഓപ്പൺ വിഭാഗത്തിൽ എട്ടു വിജയങ്ങളുമായി കുതിച്ച ഇന്ത്യ, നിലവിലെ ചാംപ്യൻമാരായ ഉസ്‌ബെക്കിസ്ഥാനോടാണ് ആദ്യമായി സമനില വഴങ്ങിയത്. പിന്നാലെ ടോപ് സീഡായ യുഎസിനെ അട്ടിമറിച്ച് വീണ്ടും വിജയവഴിയിൽ തിരിച്ചെത്തി. ഒടുവിൽ സ്ലൊവേനിയയെ തോൽപ്പിച്ച് ചരിത്രനേട്ടവും സ്വന്തമാക്കി.നേരത്തെ, പത്താം റൗണ്ടിൽ ഇന്ത്യ ടോപ് സീഡായ യുഎസിനെ അട്ടിമറിച്ചിരുന്നു.
ഇന്ത്യയുടെ ആർ. പ്രഗ്‌നാനന്ദ, വെസ്ലി സോയോടു തോറ്റെങ്കിലും ലോക രണ്ടാം നമ്പർ താരം ഫാബിയാനോ കരുവാനയെ അട്ടിമറിച്ച് ഡി.ഗുകേഷും ഡൊമിനിഗസ് പെരെസ് ലിനിയറിനെ തോൽപിച്ച് അർജുൻ എരിഗാസിയും ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചു. വിദിത് ഗുജറാത്തിലെവൻ അരോണിയൻ മത്സരം സമനിലയായി.