തലശേരി
യുഡിഎഫ് ഭരണകാലത്ത് നിരപരാധികളെ മൂന്നാംമുറയ്ക്ക് ഇരയാക്കിയതിലൂടെ വിവാദങ്ങളിൽ ഇടംനേടിയ പൊലീസുകാരൻ ഒടുവിൽ ബിജെപിയിൽ. ഹീനകൃത്യങ്ങൾ നടത്തിയതിന് ജനരോഷത്തിനിരയായ റിട്ട. ഡിവൈഎസ്പി പി സുകുമാരനാണ് ബിജെപിയിൽ ചേർന്നത്. പൊലീസിൽ ജോലിചെയ്യുമ്പോൾ കോൺഗ്രസ് നേതാവ് കെ സുധാകരന്റെ വിശ്വസ്തനായിരുന്നു. സർവീസിലിരിക്കെ ആക്ഷേപങ്ങൾ ഉയർന്നപ്പോഴെല്ലാം രക്ഷിച്ചതും കോൺഗ്രസ് നേതൃത്വം.
അരിയിൽ ഷുക്കൂർ കേസിൽ സിപിഐ എം നേതാക്കളായ പി ജയരാജൻ, ടി വി രാജേഷ് എന്നിവരെ കള്ളക്കേസിൽ പ്രതിചേർത്തതും ഇദ്ദേഹമാണ്. യുഡിഎഫ് നേതാക്കളുമായി ഗൂഢാലോചന നടത്തിയാണിത്. ആർഎസ്എസ്–-ബിജെപി ക്കാരെ രക്ഷിക്കാൻ തലശേരി ഫസൽ കേസ് വഴിതിരിച്ചുവിട്ടതും ഇയാൾതന്നെയാണ്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഡിവൈഎസ്പിയായി സ്ഥാനക്കയറ്റം നൽകി. കണ്ണൂർ ഡിവൈഎസ്പിയായിരിക്കെയാണ് എസ്എഫ്ഐ നേതാവിന്റെ ശരീരത്തിൽ കമ്പികയറ്റിയത്.
2013ൽ കണ്ണൂർ പൊലീസ് സഹകരണസംഘം തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നേതൃത്വം നൽകിയതും സുകുമാരനാണ്. ഇടതുപക്ഷ അനുഭാവികളായ 29 പൊലീസുകാരെ കള്ളക്കേസിൽ പ്രതികളാക്കി സസ്പെൻഡുചെയ്ത് വിദൂര ജില്ലകളിലേക്ക് സ്ഥലംമാറ്റിയത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വാഹനത്തിനുനേരെ കണ്ണൂരിലുണ്ടായ കല്ലേറ് തടയുന്നതിൽ പരാജയപ്പെട്ടതിന് വകുപ്പുതല നടപടിയുണ്ടായപ്പോൾ രക്ഷയ്ക്കെത്തിയതും കോൺഗ്രസ് നേതാക്കളാണ്. കണ്ണൂരിൽനിന്ന് മാറ്റി ഇരിട്ടി സബ് ഡിവിഷൻ ചുമതല നൽകിയാണ് സംരക്ഷിച്ചത്. കഴിഞ്ഞ ദിവസമാണ് ഇയാൾ ബിജെപിയിൽ ചേർന്നത്.