തിരുവനന്തപുരം
ഇന്ത്യൻ ശാസ്ത്രീയ നൃത്തകലകളുടെ അംബാസഡർ ഡോ. കപില വാത്സ്യായന്റെ പേരിലെ ക്ലാസിക്കൽ നൃത്തോത്സവത്തിന്റെ രണ്ടാം പതിപ്പ് രാജ്യത്തെ നൃത്ത പ്രതിഭകളുടെ സർഗോത്സവം ഭാരത്ഭവനിൽ തുടങ്ങി. മാർഗിയിലെ കലാകാരന്മാർ അവതരിക്കുന്ന സുഭദ്രാഹരണം കഥകളിയോടെയായിരുന്നു തുടക്കം. നൃത്തോത്സവം അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ ശാസ്ത്രീയ നൃത്തകലകളുടെ അംബാസഡറും നൃത്തപണ്ഡിതയുമായിരുന്ന കപില വാത്സ്യായനെ ഓർമിക്കേണ്ടത് കേരളീയരുടെ കടമയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ കലകൾ ഒരുകാലത്ത് ദേശീയതലത്തിൽ അവഗണിക്കപ്പെട്ടിരുന്നു. അന്ന് കേരളീയ കലകളുടെ ഖ്യാതി വർധിപ്പിക്കുകയും കേരളത്തെക്കുറിച്ച് ഓർത്ത് അഭിമാനിക്കുകയും ചെയ്ത വ്യക്തിയായിരുന്നു കപില വാത്സ്യായൻ. ഇന്ന് കേരളത്തിലെ കലകൾ ലോകശ്രദ്ധ നേടുന്നതിൽ കപിലയും പങ്ക് വഹിച്ചതായി അദ്ദേഹം പറഞ്ഞു. കപില വാത്സ്യായന് ആദരസൂചകമായി തയ്യാറാക്കിയ ഹ്രസ്വചിത്രവും അടൂർ പ്രകാശിപ്പിച്ചു. ഭാരത് ഭവൻ അംഗം സെക്രട്ടറി പ്രമോദ് പയ്യന്നൂർ അധ്യക്ഷനായി. കൂടിയാട്ടം ആചാര്യനും കലാപണ്ഡിതനുമായ ജി വേണു കപില അനുസ്മരണപ്രഭാഷണം നടത്തി.
പ്രൊഫ. കാട്ടൂർ നാരായണ പിള്ള, പ്രൊഫ. കലാമണ്ഡലം ബാലസുബ്രമണ്യം, ജി വേണു എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഡോ. വി പി ജോയ്, മാർഗി സെക്രട്ടറി എസ് ശ്രീനിവാസ്, അഡ്വ. റോബിൻ സേവ്യർ, സുദാപ്പാ ദത്ത, നീനാ പ്രസാദ് എന്നിവര് സംസാരിച്ചു. നൃത്തോത്സവം 26ന് സമാപിക്കും.