ചെങ്ങന്നൂർ
ക്ഷേത്രത്തിലെ സന്ധ്യാപ്രാർഥനയിൽ ‘സദ്ഗുരുവേ’ എന്ന വാക്ക് ഉപയോഗിക്കരുതെന്ന് സ്ത്രീകൾക്ക് ആർഎസ്എസ് ഭീഷണി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കല്ലിശേരി മഴുക്കീർമേൽ മഹാവിഷ്ണു ക്ഷേത്രത്തിലാണ് ഈഴവ സമുദായാംഗങ്ങളായ സ്ത്രീകൾ ‘സദ്ഗുരുവേ ജയ’ എന്ന കീർത്തനം ചൊല്ലിയത്.
ശ്രീനാരായണ ഗുരുവിന്റെ കീർത്തനം ക്ഷേത്രത്തിൽ ചൊല്ലരുതെന്നും സ്ത്രീകളോട് ഇറങ്ങിപ്പോകാനും മേപ്രം ശാഖയിലെ രണ്ട് ആർഎസ്എസ് പ്രവർത്തകർ ആക്രോശിച്ചു. പ്രാർത്ഥന ഒരു സമുദായത്തെമാത്രം ഉദ്ദേശിച്ചല്ലെന്ന് സ്ത്രീകൾ അറിയിച്ചെങ്കിലും കാര്യമുണ്ടായില്ല. പ്രാർത്ഥനാ പുസ്തകത്തിൽ ശ്രീനാരായണ ഗുരുവിന്റെ ചിത്രം വന്നതാണ് എതിർപ്പിന് കാരണം.
ആർഎസ്എസ് പ്രവർത്തകരുടെ നടപടി ചോദ്യംചെയ്ത എസ്എൻഡിപി ഉമയാറ്റുകര പഞ്ചായത്ത് കമ്മിറ്റിയംഗം ദേവരാജനെയും ഭീഷണിപ്പെടുത്തി. സംഭവം വിവാദമാക്കേണ്ടെന്ന നിലപാടിലായിരുന്നു ഇവർ. പൂജാസാധനങ്ങൾ വിൽക്കുന്ന കട ദേവസ്വംബോർഡിൽനിന്ന് ലേലത്തിലെടുത്ത ശാഖാ മുൻ സെക്രട്ടറിയുടെ ഭാര്യക്കുനേരെയും ആർഎസ്എസ് പ്രവർത്തകർ ഭീഷണി ഉയർത്തി.
ചെറുക്കുമെന്ന് എസ്എൻഡിപി ശാഖ
ക്ഷേത്ര ഭരണസമിതിയിലും ആചാരങ്ങളിലും പങ്കെടുക്കുന്ന ഈഴവ സമുദായാംഗങ്ങൾ കടുത്ത ജാതിവെറി നേരിടുന്നതായി എസ്എൻഡിപി ഉമയാറ്റുകര ശാഖാ സെക്രട്ടറി സതീഷ് കല്ലുപറമ്പിലിന് പരാതി നൽകി. വിഷയം ചർച്ചചെയ്യാൻ അടിയന്തര ശാഖാ പൊതുയോഗം ഞായറാഴ്ച ചേർന്നു. ഗുരു എന്ന വാക്കിൽപോലും ജാതി കണ്ടെത്തുന്ന വിവേചനത്തിനെതിരെ നിയമപരമായി പ്രതിഷേധം ഉയർത്തുമെന്ന് പ്രസിഡന്റ് ദേവരാജൻ എസ് കുരക്കുവേലിൽ, സെക്രട്ടറി സതീഷ് കല്ലുപറമ്പിൽ എന്നിവർ അറിയിച്ചു.