പാലക്കാട്
കേന്ദ്രസർക്കാർ ചുളുവിലയ്ക്ക് കോർപറേറ്റ് ചങ്ങാതിമാർക്ക് വിൽക്കാൻ ശ്രമിക്കുന്ന പൊതുമേഖലാ സ്ഥാപനം ബെമൽ (ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ്) ബുള്ളറ്റ് ട്രെയിൻ നിർമിക്കുന്നു. മുംബൈ–-അഹമ്മദാബാദ് ഹൈസ്പീഡ് പാതയ്ക്കുവേണ്ടി രണ്ട് ബുള്ളറ്റ് ട്രെയിനാണ് ബെമൽ നിർമിക്കുക. വന്ദേഭാരത് ട്രെയിനിന് സ്ലീപ്പർ കോച്ചുണ്ടാക്കി നൽകിയശേഷമാണ് പുതിയ ദൗത്യം ഏറ്റെടുത്തത്.
വിദേശ രാജ്യങ്ങളിൽനിന്ന് ബുള്ളറ്റ് ട്രെയിൻ വൻവില നൽകി ഇറക്കുമതി ചെയ്യാനാണ് കേന്ദ്രസർക്കാർ ആദ്യം ആലോചിച്ചത്. ബെമൽ ബുള്ളറ്റ് ട്രെയിൻ നിർമിക്കാനുള്ള ടെൻഡറിൽ പങ്കെടുത്തു. വിദേശകമ്പനികൾ അമിതവില ആവശ്യപ്പെട്ടതും വന്ദേഭാരത് സ്ലീപ്പർ കോച്ചുകൾ പകുതിവിലയ്ക്ക് മികച്ച നിലവാരത്തിൽ നിർമിച്ചുനൽകിയതും കണക്കിലെടുത്താണ് ബെമലിനെ പരിഗണിച്ചത്.
എട്ട് കോച്ചുള്ള രണ്ട് ബുള്ളറ്റ് ട്രെയിൻ ഉണ്ടാക്കാനാണ് കരാർ. മണിക്കൂറിൽ 250 കിലോമീറ്റർ മുതൽ 280 കിലോമീറ്റർവരെയായിരിക്കും വേഗം. 2026-ൽ നിർമാണം പൂർത്തിയാക്കും. ഒരു ബുള്ളറ്റ് ട്രെയിനിന് ഏകദേശം 200 മുതൽ 250 കോടി രൂപവരെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
കേന്ദ്രം വിൽപ്പനയ്ക്ക് വച്ച ബെമൽ ഇപ്പോഴും പൊതുമേഖലയിൽ തുടരുന്നത് തൊഴിലാളികളുടെ കനത്ത പ്രതിഷേധത്തെത്തുടർന്നാണ്. ബെമലിന് പാലക്കാടിനുപുറമെ മൈസൂർ, കോലാർ ഖനി, ബംഗളൂരു എന്നിവിടങ്ങളിൽ നിർമാണ യൂണിറ്റുണ്ട്. ബെമൽ വിൽപ്പനയ്ക്കെതിരെ കഞ്ചിക്കോട് യൂണിറ്റിനുമുന്നിൽ തൊഴിലാളികൾ നടത്തുന്ന അനിശ്ചിതകാല പ്രതിഷേധസമരം ഞായറാഴ്ച 1348 ദിവസം പൂർത്തിയായി.