കോഴിക്കോട് > തൃശ്ശൂരിലെ വോട്ട് ചോർച്ച അന്വേഷിക്കാൻ നിയോഗിച്ച കമീഷൻ റിപ്പോർട്ട് പൂഴ്ത്തി വെച്ചവരാണോ ഇപ്പോൾ ബിജെപി വിജയത്തെ കുറിച്ച് സംസാരിക്കുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കെപിസിസി പ്രസിഡന്റ് റിപ്പോർട്ട് പൂഴ്ത്തിവെയ്ക്കുകയാണോ എന്ന സംശയം ഉയരുന്നുണ്ട്. കെപിസിസി പ്രസിഡന്റ് കൂടി അറിഞ്ഞിട്ടാണോ വോട്ട് മറിക്കൽ എന്നതടക്കം ചർച്ച ചെയ്യേണ്ടതാണ്. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രവർത്തകരെ വഞ്ചിച്ച നേതാക്കൻമാർ ആരൊക്കെ എന്ന് ചർച്ച ചെയ്യപ്പെടേണ്ട കാര്യമാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കേരളചരിത്രത്തിൽ ആദ്യമായി ബിജെപി ലോക്സഭ സീറ്റ് നേടി എന്നത് ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണ്. പരസ്യമായ ചർച്ചയ്ക്ക് ഞങ്ങൾ തയാറാണ്. ഫലം വന്ന് രണ്ട് ദിവസത്തിന് ശേഷമാണ് തൃശൂർ ഡിസിസി ഓഫീസിൽ കോൺഗ്രസ് പ്രവർത്തകർ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്. ശേഷം ഡിസിസി പ്രസിഡന്റിനെ സ്ഥാനത്തുനിന്ന് നീക്കി. യുഡിഎഫ് കൺവീനറെയും മാറ്റി. പാലക്കാട് എംപിക്കാണ് ഇപ്പോൾ തൃശൂർ ഡിസിസിയുടെ ചുമതല. താമര ചിഹ്നത്തിലേക്ക് കോൺഗ്രസുകാർ വോട്ട് മറിച്ചു എന്നതിനാണ് ഡിസിസി ഓഫീസിൽ തർക്കമുണ്ടായത്. വോട്ടിന്റെ കണക്കുകൾ പരിശോധിച്ചാൽ ഇത് സത്യമാണെന്ന് മനസിലാക്കും.
2019ൽ ലഭിച്ചതിനേക്കാൾ 80, 000 ത്തോളം വോട്ടുകളാണ് കോൺഗ്രസ് സ്ഥാനാർഥിക്ക് കുറഞ്ഞത്. നിയമസഭ തെരഞ്ഞെടുപ്പിൽ നേമത്ത് ചെയ്തതു പോലെ ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂരിൽ ബിജെപിക്ക് വോട്ട് മറിച്ചു നൽകി എന്നതിന്റെ പേരിലായിരുന്നു ഡിസിസി ഓഫീസിലെ കൂട്ടയടി. വിഷയം അന്വേഷിക്കാനായി കമീഷനെയും തീരുമാനിച്ചു. കെ സി ജോസഫ്, ടി സിദ്ദിഖ്, ചന്ദ്രശേഖരൻ എന്നിവരെയാണ് നിയമിച്ചത്. കമീഷൻ വിഷയങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിച്ചു എന്ന് പറയുന്നുണ്ട്. എന്നാൽ റിപ്പോർട്ട് എവിടെ എന്നതാണ് ചോദ്യം. റിപ്പോർട്ട് ഇതുവരെ പുറംലോകം കണ്ടിട്ടില്ല. മാധ്യമങ്ങൾ ഈ വിഷയം കൃത്യമായി ചർച്ച ചെയ്യുന്നില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.