തിരുവനന്തപുരം> നഗരത്തിൽ തിരക്കേറിയ ഇടങ്ങളിൽ മാഞ്ഞുതുടങ്ങിയ സീബ്രാലൈനുകൾ യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നു. ചിലയിടങ്ങളിൽ പൂർണമായും മാഞ്ഞ ലൈനുകൾ കാൽനട യാത്രക്കാർക്കാണ് ഏറെ പ്രയാസം. ഏറ്റവും തിരക്കേറിയ തമ്പാനൂരിൽ എട്ട് സീബ്രാലൈനുകളാണുള്ളത്. റെയിൽവേ സ്റ്റേഷനിലും കെഎസ്ആർടിസി സ്റ്റാൻഡിലും വന്നിറങ്ങുന്ന യാത്രികർക്ക് റോഡ് മുറിച്ച് കടക്കാൻ ആശ്രയം ഈ സീബ്രാലൈനുകളെയാണ്. എന്നാൽ ഇതിൽ പലതും പകുതി മാഞ്ഞ നിലയിലും. യൂണിവേഴ്സിറ്റി കോളേജിന് മുൻവശം, പാളയം തുടങ്ങിയ ഇടങ്ങളിലും സമാന അവസ്ഥ തന്നെ.
വാഹനമോടിക്കുന്നവർക്കും അടുത്തെത്തുമ്പോൾ മാത്രമാണ് സീബ്രാലൈൻ കാണാനാകുന്നത്. സീബ്രാലൈൻ മുറിച്ചു കടക്കുമ്പോൾ വാഹനങ്ങൾ നിർത്തി കൊടുക്കുന്നില്ല എന്ന പരാതിയുമുണ്ട്. കുട്ടികളും വയോധികരുമാണ് ഏറെ ബുദ്ധിമുട്ടുന്നത്. റോഡുകളിലെ സീബ്രാലൈനുകളിൽ പ്രഥമ പരിഗണന കാൽനടക്കാർക്കും ഇവിടെയുണ്ടാകുന്ന അപകടത്തിന്റെ ഉത്തരവാദിത്വം വാഹനത്തിന്റെ ഡ്രൈവർക്കുമാണ്.
സീബ്രാലൈനിൽ യാത്രക്കാരൻ പ്രവേശിച്ചാൽ വാഹനം സ്റ്റോപ്പ് ലൈനിൽ നിർത്തുകയും യാത്രക്കാരൻ കടന്നു പോയതിനുശേഷം മാത്രമേ വാഹനം മുന്നോട്ടെടുക്കാൻ പാടുള്ളൂ എന്നുമാണ് നിയമം. സീബ്രാലൈനിൽ നിയമലംഘനം നടത്തുന്ന ഡ്രൈവർമാരിൽനിന്ന് 500 രൂപ പിഴ ഈടാക്കും.