ബുഡാപെസ്റ്റ്> ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യ സ്വർണനേട്ടത്തിനരികെ. ഓപ്പൺ വിഭാഗത്തിലും വനിതകളിലും സ്വർണമെഡൽ പ്രതീക്ഷിക്കുന്നു. അവസാന റൗണ്ട് മത്സരം ഇന്നു നടക്കും. ഓപ്പൺ വിഭാഗത്തിൽ തുടർച്ചയായ എട്ടു ജയത്തിനുശേഷം സമനിലയിൽ കുടുങ്ങിയ ഇന്ത്യ പത്താംറൗണ്ടിൽ അമേരിക്കയെ കീഴടക്കി മെഡൽ ഉറപ്പിച്ചു.
ഒമ്പതാംറൗണ്ടിൽ നിലവിലെ ചാമ്പ്യൻ ഉസ്ബക്കിസ്ഥാൻ ഇന്ത്യയുടെ മുന്നേറ്റം തടഞ്ഞിരുന്നു (2–-2). എന്നാൽ, നിർണായകമായ 10–-ാം റൗണ്ടിൽ അമേരിക്കൻ ആധിപത്യം തകർത്തു (2.5–-1.5). ലോക ചാമ്പ്യൻഷിപ്പിനൊരുങ്ങുന്ന ഡി ഗുകേഷ് അമേരിക്കയുടെ ഫാബിയാനോ കരുവാനയെ തോൽപ്പിച്ചു. അർജുൻ എറിഗെയ്സി, ലീനിയർ ഡൊമിങ്സ് പെരെസിനെ കീഴടക്കി. ആർ പ്രഗ്നാനന്ദ വെസ്ലി സോയോട് തോറ്റത് തിരിച്ചടിയായി. വിദിത് ഗുജറാത്തി ലെവൻ അരോണിയനോട് സമനില നേടിയതോടെ 19 പോയിന്റുമായി ഒന്നാംസ്ഥാനം നിലനിർത്തി. 17 പോയിന്റുമായി ചൈന രണ്ടാമതുണ്ട്. 16 പോയിന്റുമായി സ്ലൊവേനിയയാണ് മൂന്നാമത്.
വനിതകൾ ചൈനയെ തോൽപ്പിച്ച് (2.5–-1.5) മുന്നേറി. ഒരുറൗണ്ട് ശേഷിക്കെ 17 പോയിന്റുമായി ഇന്ത്യ ഒന്നാമതാണ്. കസാഖ്സ്ഥാനും പോളണ്ടിനും 16 പോയിന്റുണ്ട്. ദിവ്യ ദേശ്മുഖിന്റെ ജയമാണ് 10–-ാംറൗണ്ടിലെ കുതിപ്പിന് കാരണം. ആർ വൈശാലി, ഡി ഹരിക, വന്ദിക അഗ്രവാൾ എന്നിവർ സമനില നേടി.