കോഴിക്കോട് > സർവകലാശാലകളുടെ പരീക്ഷാ നടത്തിപ്പും കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളും അട്ടിമറിക്കാനുള്ള നീക്കമാണ് എംഎസ്എഫിനും കെഎസ്യുവിനും ഒപ്പം ചേർന്ന് കലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ പി രവീന്ദ്രൻ നടത്തുന്നതെന്ന് എസ്എഫ്ഐ. സർവകലാശാല പരീക്ഷാ നടത്തിപ്പിന്റെ കൃത്യത കുറവ് കാരണം തോന്നിയ സമയത്ത് പരീക്ഷകൾ നടത്തുകയും വർഷങ്ങൾ കഴിഞ്ഞ് റിസൾട്ട് വരുന്ന അനുഭവവുമാണ് വിദ്യാർത്ഥികൾക്കുള്ളത്. പരീക്ഷകൾ കൃത്യമായി നടക്കാൻ ആരംഭിച്ചതും ദിവസങ്ങൾക്കുള്ളിൽ റിസൾട്ടുകളും സർട്ടിഫിക്കറ്റുകളും ലഭിക്കാൻ തുടങ്ങിയതും എസ്എഫ്ഐ നടത്തിയ സമരങ്ങളുടെ ഭാഗമായാണ്. ഇനിയും പരീക്ഷ നടത്തിപ്പിന്റെ ഭാഗമായി നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാനാണ് സംസ്ഥാന സർക്കാർ തന്നെ സർവകലാശാലകൾക്ക് അക്കാദമിക് കലണ്ടർ തയാറാക്കി നൽകിയത്.
അക്കാദമിക് കലണ്ടറിന്റെ അടിസ്ഥാനത്തിൽ സെപ്തംബർ മാസത്തിൽ തന്നെ തെരഞ്ഞെടുപ്പ് പൂർത്തീകരിക്കേണ്ടതാണ്. എന്നാൽ അതിനുവേണ്ട ഒരുക്കങ്ങൾ ഒന്നും യൂണിവേഴ്സിറ്റിയിൽ ആരംഭിച്ചിട്ടില്ല. സെപ്തംബർ 23ന് നോട്ടിഫിക്കേഷൻ ഇറക്കി ഒക്ടോബർ ആദ്യം തെരഞ്ഞെടുപ്പ് നടക്കുന്ന രീതിയിൽ സർവകലാശാല വിദ്യാർഥി ക്ഷേമ വിഭാഗം ശുപാർശ നൽകിയെങ്കിലും എംഎസ്എഫ് – കെഎസ്യു സമ്മർദത്തിന് വഴങ്ങി തെരഞ്ഞെടുപ്പ് നോട്ടിഫിക്കേഷൻ ഒക്ടോബർ മാസത്തിലേക്ക് നീട്ടാനുള്ള നിർദേശം നൽകിയിരിക്കുകയാണ് വൈസ് ചാൻസലർ. എംഎസ്എഫ് – കെഎസ്യു നിയന്ത്രണത്തിലുള്ള സർവകലാശാല യൂണിയൻ സ്ഥാനമേറ്റിട്ട് മാസങ്ങൾ പിന്നിട്ടിട്ടും ഒരു പരിപാടിയും ഇതുവരെ നടത്തിയിട്ടില്ല. സ്ഥാനം ഏറ്റ ഉടൻ നടത്തേണ്ട സർവകലാശാല യൂണിയൻ സോണൽ, ഇൻ്റർ സോൺ കലോത്സവങ്ങൾ പോലും നടത്താനായിട്ടില്ല. ഒരു കോടിയോളം വരുന്ന സർവകലാശാല യൂണിയൻ ഫണ്ട് വീതം വെപ്പ് സംബന്ധിച്ച് എംഎസ്എഫ് – കെഎസ്യു നേതൃത്വത്തിനിടയിലെ തർക്കമാണ് ഇതിന് കാരണം. എന്നാൽ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന് മുമ്പ് രണ്ട് പരിപാടികൾ തട്ടിക്കൂട്ടി നടത്താനുള്ള സൗകര്യം എംഎസ്എഫ് – കെഎസ്യു സംഘത്തിന് ഒരുക്കി കൊടുക്കുകയാണ് വിസി.
എംഎസ്എഫ് – കെഎസ് യു യൂണിയൻ നിയന്ത്രിക്കുന്ന മിക്ക കോളേജുകളിലും യൂണിയൻ മാഗസിൻ പ്രവർത്തനം നടക്കുന്നില്ല. ഒരാഴ്ചയ്ക്കുള്ളിൽ മാഗസിനുകൾ തട്ടിക്കൂട്ടാനാണ് എംഎസ്എഫ് – കെഎസ്യു ശ്രമം. എംഎസ്എഫ് – കെഎസ്യു സംഘത്തിന് വേണ്ടി അക്കാദമിക് കലണ്ടർ പോലും അട്ടിമറിച്ച് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് നീട്ടിയാൽ തുടർന്ന് നടക്കേണ്ട വിവിധ പരീക്ഷകൾ നീട്ടേണ്ടി വരും. ഇത് പിന്നീട് നടക്കാനും ഫലം പ്രസിദ്ധീകരിക്കാനും വൈകുകയും ചെയ്യും. ഇത് വിദ്യാർഥികളുടെ ഭാവിയെ തന്നെ ബാധിക്കുന്ന രീതിയിലേക്ക് മാറും. അടുത്ത മാസം വരാനിരിക്കുന്ന ഇൻ്റർ യൂണിവേഴ്സിറ്റി സൗത്ത് സോൺ കലോത്സവത്തിൽ കലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാൻ പറ്റാത്ത സാഹചര്യമുണ്ടാകും.
കേവല രാഷ്ട്രീയ താത്പര്യത്തിന് വേണ്ടി സർവകലാശാല അക്കാദമിക് കലണ്ടർ പോലും അട്ടിമറിക്കാനുള്ള നീക്കത്തിൽ നിന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി വിസി പിന്മാറണം. വിസി തിരുത്താൻ തയാറായില്ലെങ്കിൽ സർവകലാശാല സിൻഡിക്കേറ്റും പ്രോ ചാൻസലർ കൂടിയായ ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഇടപെട്ട് സർവകലാശാല പരീക്ഷകളും കോളേജ് യൂണിയൻ തെരഞ്ഞെടുപ്പും അക്കാദമിക് കലണ്ടർ പ്രകാരം തന്നെ നടക്കുമെന്ന് ഉറപ്പാക്കണം. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ഒക്ടോബർ ആദ്യവാരം അഡ്മിഷൻ എടുക്കുന്ന പിജി വിദ്യാർത്ഥികൾക്ക് കൂടി വോട്ടവകാശം ഉറപ്പാക്കണമെന്നും അല്ലാത്തപക്ഷം സർവകലാശാല ആസ്ഥാനത്ത് വിദ്യാർത്ഥി സമരങ്ങൾക്ക് നേതൃത്വം നൽകുമെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, സെക്രട്ടറി പി എം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.