തിരുവനന്തപുരം > മനുഷ്യ ജീവിതത്തിലെ ഓരോ ദിവസവും അവസാനിക്കുന്നത് നിറയെ ഓർമകളും പേറിക്കൊണ്ടാണ്. നാളേക്ക് ഓർക്കാനുള്ളത്, അടുത്താഴ്ച ഓർത്തു ചെയ്യേണ്ടത്, അടുത്ത വർഷം ഇതേ ദിവസം ഓർക്കേണ്ടത്, ഈ ജീവിതകാലം മുഴുവൻ ഓർക്കാനുള്ളത്… അങ്ങനെയങ്ങനെ എത്ര കാര്യങ്ങൾ നാം ഓർമയിൽ സൂക്ഷിക്കുന്നു. നമ്മുടെയൊക്കെ ജീവിതത്തിന്റെ താളം തന്നെ ഓർമകളാണ്. അതിനെ അടിസ്ഥാനമാക്കിയാണ് ജീവിതത്തിന്റെ ഓരോ ഘട്ടവും മുന്നോട്ടു പോകുന്നത്. ഈ ഓർമകൾ നശിച്ചു പോയാലോ? ജീവിതത്തിലെ ഏറ്റവും ഭയാനകമായ പ്രതിസന്ധി അതാകുമെന്ന് നിസ്സംശയം പറയാം. സമീപകാല സംഭവങ്ങളോ സംഭാഷണങ്ങളോ മറന്നു തുടങ്ങി ക്രമേണ ഏറ്റവും പ്രിയപ്പെട്ടവരുടെ മുഖം പോലും തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ മറവിയുടെ പടുകുഴിയിലേക്ക് പതിക്കുന്ന എത്രയോ മനുഷ്യരാണ് നമുക്കു ചുറ്റുമുള്ളത്. അവരെ ഓർക്കാനൊരു ദിനമാണ് സെപ്തംബർ 21, ലോക അൽഷിമേഴ്സ് ദിനം.
1994 സെപ്തംബർ 21 ന് എഡിൻബറോയിൽ നടന്ന അൽഷിമേഴ്സ് ഡിസീസ് ഇന്റർനാഷണലിന്റെ (എഡിഐ) വാർഷിക സമ്മേളനത്തിലാണ് ലോക അൽഷിമേഴ്സ് ദിനം ആദ്യമായി ആചരിച്ചത്. സെപ്തംബറിനെ അൾഷിമേഴ്സ് മാസമായും ആചരിക്കുന്നു. അൽഷിമേഴ്സ് രോഗാവസ്ഥയെ പറ്റി സമൂഹത്തിൽ കൂടുതൽ അവബോധം സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം. “Time to act on dementia, Time to act on Alzheimer’s” എന്നാണ് ഈ വർഷത്തെ ലോക അൽഷിമേഴ്സ് ദിനത്തിന്റെ സന്ദേശം. മറവിരോഗം ബാധിച്ചവരോട് സമൂഹത്തിൽ നിലനിൽക്കുന്ന വിവേചനം ഇല്ലാതാക്കുന്നതിനും രോഗത്തെ കുറിച്ച് അവബോധം വളർത്തുന്നതിനുമായി പ്രവർത്തിക്കുക എന്നാണ് ആഹ്വാനം.
എല്ലാ മറവിയും അൽഷിമേഴ്സ് അല്ല. മറവിയുണ്ടാക്കുന്ന നിരവധി അസുഖങ്ങളിൽ ഒന്നുമാത്രമാണിത്. തലച്ചോറിലുണ്ടാകുന്ന മുഴകൾ, സ്ട്രോക്ക്, പാർക്കിൻസൺസ് രോഗം, രക്താർബുദം, എയ്ഡ്സ് തുടങ്ങിയ രോഗങ്ങളുടെ ഭാഗമായും മറവി ഉണ്ടാകാം. തലച്ചോറിലെ നാഡീകോശങ്ങൾ ദ്രവിച്ച് പ്രവർത്തനരഹിതമാകുന്ന അവസ്ഥയിലാണ് അൽഷിമേഴ്സ്. സാധാരണഗതിയിൽ 65 വയസ്സ് മുതലാണ് അൽഷിമേഴ്സ് പിടിപെടുന്നത്. പ്രായമേറുന്തോറും ബുദ്ധിമുട്ടുകളും ഓർമക്കുറവും വർധിക്കും. ജനിതകമായ കാരണങ്ങളാൽ 45 വയസ്സ് മുതലുള്ളവർക്കും അപൂർവമായെങ്കിലും രോഗലക്ഷണങ്ങളുണ്ടാകാം. എന്നാൽ രോഗബാധിതരിൽ 95 ശതമാനം രോഗികളും 65 വയസ്സ് കഴിഞ്ഞവരാണ്. ലോകമെമ്പാടുമുള്ള അഞ്ചര കോടിയിലധികം ആളുകൾ ഈ രോഗം ബാധിച്ചു എന്നാണ് കണക്കുകൾ.
വളരെ സാവധാനമാണ് രോഗം മൂർച്ഛിക്കുന്നതും ലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നതും. അതുകൊണ്ട് തന്നെ പലപ്പോഴും ഈ അസുഖം തിരിച്ചറിയാതെ പോകാറുണ്ട്. രോഗികളോടുള്ള കരുതൽ ഈ വേളയിൽ അത്യാവശ്യമാണ്. എപ്പോഴും കർമനിരതരാക്കുന്ന പ്രവർത്തനങ്ങൾ രോഗികൾക്ക് പ്രയോജനം ചെയ്യും. ചെസ് കളിപ്പിക്കുക, പത്രം വായിപ്പിക്കുക, ഗ്രൂപ്പ് ആക്ടിവിറ്റീസിൽ ഏർപ്പെടുക എന്നിവയെല്ലാം അൽഷിമേഴ്സ് രോഗം പുരോഗമിക്കുന്നതിന്റെ തോത് കുറയ്ക്കും. കേരളത്തിൽ ആയുർദൈർഘ്യം കൂടുതലായതുകൊണ്ട് വാർധക്യത്തിലുണ്ടാകുന്ന മറ്റു രോഗങ്ങളിലെന്നപോലെ അൽഷിമേഴ്സും കൂടി വരുന്നുണ്ട്.
ആദ്യഘട്ട ലക്ഷണങ്ങൾ
● സമീപകാല സംഭാഷണങ്ങളോ സംഭവങ്ങളോ മറക്കുന്നു
● വസ്തുക്കൾ സ്ഥാനമാറ്റി വയ്ക്കുക
● സംസാരിക്കുന്നതിനിടെ വാക്കുകൾ കണ്ടെത്താനുള്ള ബുദ്ധിമുട്ട്
● ആവർത്തിച്ച് ചോദ്യങ്ങൾ ചോദിക്കുന്നു
● തീരുമാനമെടുക്കാൻ കഴിയാതിരിക്കുക
● മടി, പുതിയ കാര്യങ്ങൾ ചെയ്യാൻ വിമുഖത
● ആശങ്ക, ഉത്കണ്ഠ, ആശയക്കുഴപ്പം തുടങ്ങിയവ വർധിക്കുന്നു
രണ്ടാം ഘട്ടം
● മറവി വഷളാകുന്നു (പേരുകൾ മറക്കുന്നു, കുടുംബത്തിലെ അംഗങ്ങളെ പോലും തിരിച്ചറിയാൻ പാടുപെടുന്നു)
● വർദ്ധിച്ചുവരുന്ന ആശയക്കുഴപ്പം, വഴികൾ മറന്നു പോകുക
● ദൂരം വിലയിരുത്താൻ കഴിയാതെ വരിക
● ഓരേ പ്രവർത്തികൾ ആവർത്തിച്ചു ചെയ്യുക
● മിഥ്യാഭ്രമം, മനോവിഭ്രാന്തി
● സംസാരത്തിലും ഭാഷ ഉപയോഗിക്കുന്നതിലും ബുദ്ധിമുട്ട്
● സ്വസ്ഥമായ ഉറക്കം കിട്ടാതിരിക്കുക
● വിഷാദം, ഉത്കണ്ഠ തുടങ്ങിയവ തീവ്രമാകുക
മൂന്നാം ഘട്ടം
● ഓർമകൾ പാടെ നഷ്ടമാകുന്നു
● ബുദ്ധിശക്തി കുറയുന്നു
● ഹാലൂസിനേഷൻ
● അക്രമം, സംശയം
● ഭക്ഷണം കഴിക്കാനും വിഴുങ്ങാനും ബുദ്ധിമുട്ട്
● പരസഹായമില്ലാതെ ചലിക്കാനുള്ള ബുദ്ധിമുട്ട്
● ശരീരഭാരം കുറയുന്നു
● സംയമനമില്ലാത്ത അവസ്ഥ
● സംസാരശേഷി ക്രമേണ നഷ്ടപ്പെടുന്നു
പ്രതിരോധിക്കാനാകുമോ?
ജീവിതരീതികളിൽ ചില കാര്യങ്ങൾ ശ്രദ്ധിൽ ഒരളവ് വരെ അൽഷിമേഴ്സ് രോഗത്തെ പ്രതിരോധിക്കാൻ സാധിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ശരീരത്തെ മനസിനെ ആരോഗ്യപരമായി പരിപാലിക്കുക എന്നതാണ് പ്രധാനം.
● വ്യായാമം, ശാരീരികാധ്വാനം
● ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക. ഫോളിക് ആസിഡ്, മഗ്നീഷ്യം, വിറ്റാമിൻ ബി 12, മത്സ്യ എണ്ണ എന്നിവ തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പ് എന്നിവയെല്ലാം ഡയറ്റിൽ ഉൾപ്പെടുത്തുക. മധുരവും ജങ്ക് ഫുഡും നിയന്ത്രിക്കുക.
● ശരിയായ ഉറക്കം തലച്ചോറിന്റെ ആരോഗ്യത്തിന് നിർബന്ധമാണ്. ദിവസവും 6-8 മണിക്കൂർ തടസ്സമില്ലാത്ത ഉറക്കം ശീലമാക്കുക
● മാനസിക സമ്മർദ്ദം നാഡീകോശങ്ങളുടെ വളർച്ചയെ തടസ്സപ്പെടുത്തുകയും ഓർമ കുറയ്ക്കുകയും ചെയ്യും. സംഗീതം കേൾക്കുക സിനിമ കാണുക പോലുള്ള വിനോദങ്ങൾ സമ്മർദം കുറയ്ക്കാൻ സഹായിക്കും.
● വായന, പുതിയ കലകൾ പഠിക്കുക, ഭാഷ പഠിക്കുക തുടങ്ങി തലച്ചോറിലെ കൂടുതൽ സജീവമാക്കുന്ന കാര്യങ്ങൾ ചെയ്യുക
● ശക്തമായ സാമൂഹികബന്ധങ്ങൾ സൂക്ഷിക്കുക. ഒറ്റപ്പെട്ട് മാറിനിൽക്കാതെ കുടുംബവുമായും സുഹൃത്തുക്കളുമായുമുള്ള ബന്ധങ്ങൾ ആരോഗ്യപരമായി കൊണ്ടു പോകണം.
● മദ്യപാനം, പുകവലി എന്നിങ്ങനെ തലച്ചോറിനെ ക്രമേണ ദോഷകരമായി ബാധിക്കുന്ന ശീലങ്ങൾ നിയന്ത്രിക്കുക
● ഉയർന്ന രക്തസമ്മർദം, വിഷാദം, തലയ്ക്കേൽക്കുന്ന ആഘാതം എന്നിവയും അൽഷിമേഴ്സ് രോഗത്തിനുള്ള സാധ്യതകളിൽപ്പെടുന്നു. അത്തരം കാര്യങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കുകയും നിയന്ത്രിക്കുകയും വേണം
ചികിത്സ എങ്ങനെ?
ഒരിക്കൽ നശിച്ചുപോകുന്ന നാഡീകോശങ്ങളെ പിന്നീട് പുനർജീവിപ്പിക്കാൻ കഴിയില്ല. അതുകൊണ്ട് തന്നെ ഈ അസുഖം ചികിത്സിച്ച് ഭേദമാക്കുക എന്നത് പ്രായോഗികവുമല്ല. എന്നാൽ ഈ രോഗത്തിന്റെ ഭാഗമായുണ്ടാകുന്ന ചില ലക്ഷണങ്ങൾ ചികിത്സിച്ച് ഭേദമാക്കാവുന്നവയാണ്. അത്തരത്തിൽ രോഗത്തിന്റെ ബുദ്ധിമുട്ടുകൾ കുറയ്ക്കുന്ന മരുന്നുകളാണ് രോഗികൾക്ക് നിലവിൽ നൽകിവരുന്നത്.
മോണോക്ലോണൽ ആന്റിബോഡി അൽഷിമേഴ്സ് രോഗം പുരോഗമിക്കുന്നതിന്റെ തോത് കുറയ്ക്കാൻ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. അമേരിക്കയിൽ ഏതാണ്ട് ഒരുവർഷംമുമ്പ് കണ്ടുപിടിച്ച ലെകാൻമാബ് എന്ന ഈ മരുന്ന് നിലവിലുള്ള മറ്റു മരുന്നുകളെക്കാൾ രോഗത്തിന്റെ തോത് കുറയ്ക്കാൻ ഫലപ്രദമാണെന്നാണ് കണ്ടെത്തൽ. ഒരുവർഷത്തിനകം ഈ മരുന്ന് ഇന്ത്യയിലും ലഭ്യമാകുമെന്നാണ് വിലയിരുത്തൽ.