തിരുവനന്തപുരം> നിപാ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തുവന്ന 20 പേരുടെ സ്രവപരിശോധനാ ഫലം കൂടി നെഗറ്റീവായതായി മന്ത്രി വീണാ ജോർജ്. ഇന്ന് പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. സമ്പർക്കപ്പട്ടികയിൽ 267 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ 81 പേർ ആരോഗ്യ പ്രവർത്തകരാണ്. 177 പേർ പ്രൈമറി കോൺടാക്ട് പട്ടികയിലും 90 പേർ സെക്കന്ററി കോൺടാക്ട് പട്ടികയിലുമാണ്.
പ്രൈമറി പട്ടികയിലുള്ള 134 പേരാണ് ഹൈറിസ്ക് കാറ്റഗറിയിലുള്ളത്. രോഗലക്ഷണങ്ങളുമായി ഒരാൾ ഇന്ന് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റായിട്ടുണ്ട്. ഈ വ്യക്തി അടക്കം നാലു പേർ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും 28 പേർ പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളേജ് ആശുപത്രിയിലും അഡ്മിറ്റായി ചികിത്സ തുടരുന്നുണ്ട്. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്ക് മികച്ച മാനസിക പിന്തുണയാണ് നൽകിവരുന്നത്. ഇന്ന് മൂന്നു പേർ ഉൾപ്പെടെ 268 പേർക്ക് കോൾ സെന്റർ വഴി മാനസിക പിന്തുണ നൽകി.
സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട് ബംഗളൂരുവിൽ ക്വാറന്റയിനിൽ കഴിയുന്ന, നിപാ ബാധിച്ച് മരണപ്പെട്ട 24 കാരന്റെ സഹപാഠികൾക്ക് സർവ്വകലാശാല പരീക്ഷ എഴുതാനുള്ള സൗകര്യം ഏർപ്പെടുത്തി നൽകാൻ കഴിഞ്ഞതായും മന്ത്രി യോഗത്തിൽ അറിയിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പ് അധികൃതർ കർണാടക ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടാണ് ഇവർക്ക് പരീക്ഷ എഴുതാനുള്ള തടസ്സം പരിഹരിച്ചത്.
വൈകീട്ട് മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നത തല യോഗത്തിൽ ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ നമദേവ് കോബർഗഡെ, ജില്ലാ കളക്ടർ വി.ആർ വിനോദ്, ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ്, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ ജെ റീന, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.