ബെയ്റൂട്ട് > ലബനനെ ഭീതിയിലാഴ്ത്തിയ സ്ഫോടനപരമ്പരയിൽ പൊട്ടിത്തെറിച്ച പേജറുകൾ നിർമിച്ചത് ഇസ്രയേലിന്റെ കടലാസു കമ്പനിയെന്ന് റിപ്പോർട്ട്. ഹിസ്ബുള്ള തയ്വാനിൽനിന്നാണ് പേജറുകൾ വാങ്ങിയത്. ഹംഗറിയിലെ ബിഎസി കൺസൽട്ടിങ് കമ്പനിയാണ് പേജർ നിർമിച്ചതെന്ന് തയ്വാൻ കമ്പനിയായ ഗോൾഡ് അപ്പോളോ അറിയിച്ചിരുന്നു. ഈ കമ്പനി ഇസ്രയേലിന്റെ കടലാസുകമ്പനിയാണെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഹിസ്ബുള്ളയുടെ ആശയവിനിമയ ശൃംഖലയെ തകർക്കാനായി ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസികളാണ് ആക്രമണം നടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. രണ്ട് വർഷത്തോളം നീണ്ട ആസൂത്രണമാണ് ആക്രമണത്തിന് പിന്നിൽ.
ഗോൾഡ് അപ്പോളോയുടെ പേരിലാണ് ബിഎസി കൺസൽട്ടിങ് കമ്പനി പേജറുകൾ നിർമിച്ചിരുന്നത്. ഹിസ്ബുള്ളയെ ആക്രമിക്കാനുള്ള പദ്ധതിയോടെ 2022ലാണ് ഇസ്രയേൽ ബിഎസി കൺസൽട്ടിങ് കമ്പനിയെന്ന കടലാസ് കമ്പനി ആരംഭിച്ചത്. മറ്റ് രണ്ട് കടലാസുകമ്പനികളും സമാനലക്ഷ്യത്തോടെ ആരംഭിച്ചിരുന്നു. 2022ൽ തന്നെ പേജറുകൾ ഹിസ്ബുള്ളയ്ക്ക് നൽകി. ബാറ്ററികൾക്ക് സമീപം സ്ഫോടകവസ്തുവായ പിഇടിഎൻ (പെന്റാഎറിത്രിയോൾ ടെട്രാലൈട്രേറ്റ്, PETN) തിരുകിവച്ചാണ് ഹിസ്ബുള്ളയ്ക്കായുള്ള പേജറുകൾ നിർമിച്ചിരുന്നത്. മൊബൈൽ ഫോണുകളുടെ ഉപയോഗം കുറയ്ക്കണമെന്ന് ഹിസ്ബുള്ള തീരുമാനിച്ചിരുന്നതിനാൽ പേജറുകളുടെ ഉപയോഗം കൂടി. ഇതിനനുസരിച്ച് സ്ഫോടക വസ്തുക്കൾ വച്ച പേജറുകൾ കൂടുതലായി ഹിസ്ബുള്ളയ്ക്ക് നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു. സ്ഫോടനത്തിന്റെ ദൃശ്യങ്ങളിൽ നിന്നും ബാറ്ററി മാത്രം പൊട്ടിത്തെറിച്ചതിനാലുണ്ടായ സ്ഫോടനമല്ലെന്ന് വ്യക്തമാകുന്നതായി ഉന്നത വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
37 പേരാണ് രണ്ട് ദിവസമായി നടന്ന സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. 3000ത്തോളം പേർക്ക് പരിക്കേറ്റു. 287 പേർ ഗുരുതരാവസ്ഥയിൽ. വിമാനത്താവളങ്ങളിലും വിമാന സർവീസുകളിലും പേജർ, വാക്കി ടോക്കി എന്നിവ വിലക്കി. സംശയകരമായ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും നശിപ്പിക്കാൻ ബോംബ് സ്ക്വാഡിനെ നിയോഗിച്ചു. രാജ്യത്ത് വ്യാപകമായി മൊബൈൽഫോണുകൾ സ്വിച്ച് ഓഫ് ചെയ്തു. ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കാൻ ജനങ്ങൾ ഭയക്കുന്നു. ഏത് സമയത്തും എവിടെയും സ്ഫോടനം ഉണ്ടാകുമെന്ന ഭീതി ലബനനിൽ നിലനിൽക്കുന്നുണ്ട്.
ലബനീസ് സായുധസംഘമായ ഹിസ്ബുള്ളയെ ലക്ഷ്യംവച്ചാണ് സ്ഫോടനം നടത്തിയതെങ്കിലും നൂറുകണക്കിന് സാധാരണക്കാർക്കും പരിക്കേറ്റു. ഒരേ സമയം നാലായിരത്തോളം പേജറുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊട്ടിത്തെറിച്ചത്. കുട്ടികൾ അടക്കമുള്ളവർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങുകൾക്കിടെയാണ് തൊട്ടടുത്തദിവസം വാക്കിടോക്കി സ്ഫോടന പരമ്പര ഉണ്ടായത്. പരിക്കേറ്റവരിൽ 60 ശതമാനം പേർക്കും കണ്ണിനും മുഖത്തുമാണ് പരിക്ക്. നിരവധി പേർക്ക് കാഴ്ച നഷ്ടമായി, വിരലുകൾ അറ്റു. ലബനന്റെ പരമാധികാരത്തിൻമേലുള്ള കടന്നാക്രമണമാണ് നടക്കുന്നതെന്നും ഇസ്രയേലിന്റെ യുദ്ധവ്യാപന സൂചനയായി ഇപ്പോഴത്തെ സാഹചര്യങ്ങളെ കാണേണ്ടിവരുമെന്നും ലബനൻ പ്രധാനമന്ത്രി നജീബ് മിക്കാറ്റി പറഞ്ഞു. ഇസ്രയേൽ ചാരസംഘടനയായ മൊസ്സാദാണ് ആക്രമണത്തിന് പിന്നിലെന്ന് വിവിധ രാജ്യാന്തരമാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. പേജർ-, വാക്കിടോക്കി സ്ഫോടന പരമ്പരയെ തുടർന്നുള്ള ഭീതി നിലനിൽക്കവെ തെക്കൻ ലബനനിൽ ഇസ്രയേൽ ബോംബാക്രമണവും നടത്തി.