തിരുവനന്തപുരം
കെപിസിസിയുടെ വയനാട് ഫണ്ട് ശേഖരണം കടുത്ത പ്രതിസന്ധിയിൽ. മുമ്പ് പിരിച്ച ഫണ്ടിന്റെ തിരിമറിയെക്കുറിച്ചുള്ള പരാതികളും നേതാക്കളുടെ നിസ്സഹകരണവുമാണ് പ്രതിസന്ധി തീർക്കുന്നത്. പ്രസിഡന്റ് കെ സുധാകരനൊപ്പമുള്ള ചിലർ ഫണ്ട് അടിച്ചുമാറ്റിയെന്ന പരാതിയും പലപേരിൽ പിരിച്ച പണത്തെക്കുറിച്ച് അറിവില്ലാത്തതും എംപിമാർ അടക്കമുള്ളവരുടെ പിന്മാറ്റത്തിന് കാരണമായി.
കെപിസിസി അധ്യക്ഷന്റെ പേരിൽ മാത്രം ഫണ്ട് എത്തിയാൽ തിരിമറി ഉറപ്പാണെന്ന് ആക്ഷേപമുയർന്നതിനെതുടർന്ന് ബാങ്ക് അക്കൗണ്ടിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പേരുകൂടി ചേർത്തിരുന്നു. ഇതു സംബന്ധിച്ച സർക്കുലറും ഇറക്കി. എന്നിട്ടും ഫണ്ട് നൽകാനോ പിരിക്കാനോ നേതാക്കൾ മുന്നോട്ടുവന്നില്ല. വയനാട് പുനരധിവാസ പദ്ധതി പ്രഖ്യാപിക്കാൻ വൈകിയെന്ന പരാതിയും നേതാക്കൾക്കുണ്ട്.
ഇതിനിടയിൽ ഡിസിസി അധ്യക്ഷന്മാരെ മാറ്റുമെന്ന പ്രഖ്യാപനവും വാർഡ് പുനഃസംഘടനാ നടപടി തുടങ്ങിയതും തിരിച്ചടിയായി. ഉറപ്പില്ലാത്ത കസേരയിലിരുന്ന് എന്തിന് പണം പിരിക്കണം എന്നാണ് പല ഡിസിസി പ്രസിഡന്റുമാരുടെയും ചോദ്യം. 12 കോടിരൂപ ചെലവ് പ്രതീക്ഷിക്കുന്ന പുനരധിവാസ പദ്ധതിക്ക് ഒന്നരക്കോടി പോലും പിരിഞ്ഞിട്ടില്ല.
വയനാട് പുനരധിവാസത്തിനായി100 വീട് നിർമിക്കുമെന്ന് രാഹുൽ ഗാന്ധിയാണ് പ്രഖ്യാപിച്ചത്. കെപിസിസി ഫണ്ട് ശേഖരിക്കാനും കോൺഗ്രസിന്റെ എംപിമാരും എംഎൽഎമാരും ശമ്പളത്തിൽനിന്ന് തുക നൽകാനും നിർദേശിച്ചു. എന്നാൽ ചെവിക്കൊള്ളാൻ നേതാക്കൾ തയ്യാറായില്ല. രാഹുൽഗാന്ധിയും കെ സി വേണുഗോപാലും മാത്രമാണ് ഒരുമാസത്തെ ശമ്പളം വയനാട് ഫണ്ടിലേക്ക് സംഭാവന നൽകിയത്. പ്രഖ്യാപിച്ച പദ്ധതിയിൽനിന്ന് പിന്നോട്ടുപോകുന്നതിന്റെ നാണക്കേട് ഒഴിവാക്കാൻ വെള്ളിയാഴ്ച കൊച്ചിയിൽ കെപിസിസി ഭാരവാഹികളുടെ യോഗം വിളിച്ചിരിക്കുകയാണ്.