തിരുവനന്തപുരം > ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി 3881 പരിശോധനകൾ നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. 231 സ്ക്വാഡുകൾ പരിശോധനകൾക്ക് നേതൃത്വം നൽകി. 476 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും 385 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നൽകി. തുടർപരിശോധനകൾക്കായി 752 സർവൈലൻസ് സാമ്പിളുകളും 135 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും ശേഖരിച്ചു. പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കും. ഗുരുതര വീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചതായും മന്ത്രി പറഞ്ഞു.
ഓണക്കാലത്ത് വിപണിയിൽ അധികമായെത്തുന്ന പാൽ, ഭക്ഷ്യ എണ്ണകൾ, പപ്പടം, പായസം മിശ്രിതം, ശർക്കര, നെയ്യ്, വിവിധതരം ചിപ്സ്, പച്ചക്കറികൾ, ചായപ്പൊടി, പരിപ്പുവർഗങ്ങൾ, പഴങ്ങൾ, മത്സ്യം, മാംസം തുടങ്ങിയവയുടെ ഉത്പാദന വിതരണ വില്പന കേന്ദ്രങ്ങളിലും, ഹോട്ടൽ, ബേക്കറി, തട്ടുകടകൾ, കാറ്ററിംഗ് യൂണിറ്റുകൾ എന്നിവടങ്ങളിലും ചെക്കുപോസ്റ്റുകളിലും പരിശോധനകൾ നടത്തി. പായ്ക്കറ്റുകളിൽ നൽകുന്ന ഭക്ഷണപദാർത്ഥങ്ങളുടെ ലേബൽ വിവരങ്ങളും പരിശോധിച്ചു.
ഓണക്കാലത്ത് അയൽ സംസ്ഥാനങ്ങളിൽ നിന്നും അധികമായെത്തുന്ന പാൽ, എണ്ണ, പച്ചക്കറികൾ എന്നിവയുടെ ഗുണമേന്മ ഉറപ്പു വരുത്തുന്നതിനായി പഴുതടച്ച പരിശോധനകളാണ് ചെക്പോസ്റ്റുകളിൽ പൂർത്തിയാക്കിയത്. സെപ്തംബർ 10 രാവിലെ ആറ് മുതൽ 14 രാവിലെ ആറ് വരെ 24 മണിക്കൂറും പരിശോധനകൾ നടത്തി. ഈ സമയം ഭക്ഷ്യവസ്തുക്കളുമായി കടന്നുവന്ന മുഴുവൻ വാഹനങ്ങളിലും പരിശോധനകൾ നടത്തി. 687 പരിശോധനകളാണ് പൂർത്തിയാക്കിയത്. തുടർപരിശോധനകൾക്കായി പാൽ, പാലുൽപന്നങ്ങൾ എന്നിവയുടെ 751 സർവൈലൻസ് സാമ്പിളുകൾ ശേഖരിച്ചു. കൂടാതെ ചെക്പോസ്റ്റുകൾ വഴി എത്തിയ ഭക്ഷ്യ എണ്ണ, പച്ചക്കറികൾ, പഴവർഗങ്ങൾ, മത്സ്യം, മാംസം എന്നിവയുടെ സാമ്പിളുകളും ശേഖരിച്ചു. 40 സ്ക്വാഡുകളാണ് പരിശോധനകൾക്കുണ്ടായിരുന്നത്.
വകുപ്പിന്റെ മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലാബിന്റെ സഹായത്തോടെയായിരുന്നു പരിശോധനകൾ. പാൽ, പാലുത്പന്നങ്ങൾ എന്നിവയുടെ പരിശോധനക്കായി ഇടുക്കിയിലെ കുമളി, പാലക്കാട് ജില്ലയിലെ മീനാക്ഷിപുരം, വാളയാർ, കൊല്ലം ജില്ലയിലെ ആര്യങ്കാവ്, തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല എന്നിവിടങ്ങളിലെ ചെക്ക് പോസ്റ്റുകളിൽ പ്രത്യേക സ്ക്വാഡിനെ നിയോഗിച്ചിരുന്നു.