എകരൂൽ > കോൺഗ്രസ് നിയന്ത്രണത്തിലുള്ള കോഴിക്കോട് ഉണ്ണികുളം വനിതാ സഹകരണസംഘത്തിൽ നടന്നത് 10 കോടിയോളം രൂപയുടെ തട്ടിപ്പെന്ന് ഇടപാടുകാർ. ഏഴ് കോടിയുടെ തട്ടിപ്പ് നടത്തിയതായാണ് പ്രാഥമിക നിഗമനം. സഹകരണ വകുപ്പിന്റെ അന്തിമഓഡിറ്റ് റിപ്പോർട്ട് കിട്ടിയാൽ മാത്രമേ തട്ടിപ്പിന്റെ വ്യാപ്തി സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളൂ. സംഭവത്തിൽ ആരോപണ വിധേയയായ ബാങ്കിന്റെ മുൻ സെക്രട്ടറി പി കെ ബിന്ദുവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
രൂപീകരിച്ച കാലം മുതൽ കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്കിന്റെ ഡയറകട്ർ ബോർഡ്. 2019–-21 കാലഘട്ടത്തിലായിരുന്നു തട്ടിപ്പ് നടന്നത്. സൊസൈറ്റിയുടെ വരുമാനം വകമാറ്റിയും കൃത്രിമ രേഖകളുണ്ടാക്കി വായ്പയെടുത്തും നിക്ഷേപങ്ങൾ സ്വീകരിച്ചും ബോണ്ടുകളിൽ നിന്ന് വായ്പയെടുത്തുമായിരുന്നു തട്ടിപ്പ്.
ബാലുശേരി പൊലീസാണ് പി കെ ബിന്ദുവിനെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ചയായിരുന്നു അറസ്റ്റ്. തുടർന്ന് ബിന്ദുവിനെ പേരാമ്പ്ര കോടതിയിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തു. ബാലുശേരി എസ്ഐമാരായ സുജിലേഷ്, ജയന്ത് എന്നിവരുടെ നേതൃത്വത്തിൽ സാലിക, മഞ്ജു, ലെനീഷ്, രതീഷ് എന്നിവരുൾപ്പെട്ട സംഘമാണ് അറസ്റ്റുചെയ്തത്.