തിരുവനന്തപുരം
യുഡിഎഫ് സർക്കാരിന്റെ കാലത്ത് തയ്യാറാക്കിയ നിവേദനങ്ങളുടെ അതേ മാനദണ്ഡമാണ് വയനാട് ദുരന്തത്തിനും സ്വീകരിച്ചത് എന്നിരിക്കെ വ്യാജവാർത്തയിൽ സർക്കാരിനെ വിമർശിക്കുന്നതിൽ യുഡിഎഫിനും ബിജെപിക്കും ഒരേസ്വരം. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ പുറ്റിങ്ങൽ വെടിക്കെട്ട് അപകടശേഷം നൽകിയ നിവേദനത്തിലും കാണാം ‘പെരുപ്പിച്ച’ എസ്റ്റിമേറ്റ്.
2016 ഏപ്രിൽ പത്തിനായിരുന്നു കൊല്ലം പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ടിനിടെയുണ്ടായ അപകടം. ഏപ്രിൽ 20ന് സംസ്ഥാന ദുരിതാശ്വാസ കമീഷണർ തയ്യാറാക്കിയ നിവേദനം കേന്ദ്ര സർക്കാരിന് കൈമാറി. പ്രതീക്ഷിത ചെലവും സഹായവുമാണ് 30 പേജുള്ള നിവേദനത്തിൽ. മാനദണ്ഡപ്രകാരം വിവിധ ഇനങ്ങളിലായി 48,15,10,400 (48.15 കോടി) രൂപയാണ് അർഹത. എന്നാൽ യഥാർഥ പ്രതീക്ഷിത ചെലവ് 117,34,66,000 (117.35 കോടി) രൂപയാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കാർഷിക മേഖലയിൽ എസ്ഡിആർഎഫ് പ്രകാരമുള്ള നഷ്ടം 56.88 ലക്ഷം രൂപയാണ്. യഥാർഥ നഷ്ടമായി ചൂണ്ടിക്കാണിച്ചത് 1.58 കോടിയും. വയനാട്ടിൽ ക്യാമ്പുകളിലുള്ളവർക്ക് വസ്ത്രം വാങ്ങാൻ കോടികൾ ചെലവിട്ടു എന്നാണ് മാധ്യമങ്ങളുടെ കള്ളവാർത്ത. പുറ്റിങ്ങലിൽ ഇതിനുള്ള പ്രതീക്ഷിത ചെലവായി പറയുന്നത് 1993 വീടുകളിലുള്ളവർക്ക് 9,96,50,000 (9.96 കോടി) രൂപയാണ്. മാനദണ്ഡപ്രകാരം ഇത് 39.86 ലക്ഷമാണ്. 24 മണിക്കൂർ തിരച്ചിലിന് അഞ്ചുകോടിയായിരുന്നു എസ്റ്റിമേറ്റ്. കുടിവെള്ള വിതരണത്തിന് വേണ്ടിവരുന്ന ചെലവ് 1.35 കോടിയും. ഒരു ടാങ്കർ കുടിവെള്ളം എത്തിക്കാൻ 15,000 രൂപയാണ് കണക്കാക്കിയത്.
2013ലെ കാലവർഷക്കെടുതിയിലെ പ്രാഥമിക നിവേദനത്തിലുമുണ്ട് ‘പെരുപ്പിച്ച കണക്ക്’. അന്നും യുഡിഎഫ് ഭരണമായിരുന്നു. ക്യാമ്പുകൾക്കായുള്ള ചെലവിന് കണക്കാക്കുന്നത് 26.39 കോടിയാണ്. വീടുകളിലെ ചെളിനീക്കാൻ 101.61 കോടിയും കണക്കാക്കി. 93 മൃതദേഹം സംസ്കരിക്കാൻ 9.30 ലക്ഷം വേണ്ടിവരുമെന്നായിരുന്നു 11 വർഷംമുമ്പുള്ള കണക്ക്.