തൃശൂർ> നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷന്(നിപ്മർ) ഐക്യരാഷ്ട്രസംഘടനയുടെ കർമ്മസേന പുരസ്കാരം. പകർച്ചേതര വ്യാധികളുടെ നിയന്ത്രണത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചതിനാണ് നിപ്മറിനെ യുഎൻ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.
2023 വർഷത്തിൽ പകർച്ചേതര വ്യാധികളുടെ നിയന്ത്രണം, മാനസികാരോഗ്യം, സഹായക സാങ്കേതികവിദ്യ എന്നീ മേഖലകളിൽ തിളക്കമുറ്റ പ്രവർത്തനം കാഴ്ചവച്ച സ്ഥാപനങ്ങളിൽ നിന്നാണ് നിപ്മർ അന്താരാഷ്ട്ര പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്.
സംസ്ഥാന സാമൂഹ്യനീതി വകുപ്പിനു കീഴിൽ ഇരിങ്ങാലക്കുടയിൽ വകുപ്പുമന്ത്രിയുടെ അധ്യക്ഷതയിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമാണ് നിപ്മർ.
കഴിഞ്ഞ മൂന്നുവർഷവും തുടർച്ചയായി ഭിന്നശേഷി മേഖലയിലെ പ്രവർത്തനത്തിന് സംസ്ഥാന പുരസ്കാരം നിപ്മർ നേടിയിരുന്നു. ഭിന്നശേഷി പുനരധിവാസത്തിന് വെർച്വൽ റിയാലിറ്റി സംവിധാനം രാജ്യത്ത് ആദ്യമായി ഒരുക്കിയ നിപ്മറിനെ ലോകാരോഗ്യ സംഘടനയുമായി സഹകരിച്ചുള്ള സഹായക സാങ്കേതികവിദ്യാ പരിശീലന പരിപാടിയ്ക്കും തെരഞ്ഞെടുത്തിരുന്നു.
ഭിന്നശേഷി മേഖലയിലെ രാജ്യാന്തര സ്ഥാപനമാണ് നിപ്മർ. വെർച്വൽ റിയാലിറ്റി അധിഷ്ഠിത ചികിത്സ, അക്ക്വാറ്റിക് തെറാപ്പി, അഡാപ്റ്റീവ് റിക്രീയേഷൻ സൗകര്യം, ഫീഡിങ് ഡിസോർഡർ ക്ലിനിക്, കുട്ടികളിൽ ഏറ്റമധികം കണ്ടുവരുന്ന പെരുമാറ്റപ്രശ്നമായ അറ്റെൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ പരിഹരിക്കാനുള്ള എഡിഎച്ച്ഡി ക്ലിനിക്, നട്ടെല്ലിന് ക്ഷതം, പക്ഷാഘാതം, ബ്രെയിൻ ഇഞ്ചുറി തുടങ്ങിയ അവസ്ഥകൾ നേരിടുന്നവർക്കായുള്ള സ്പൈനൽ കോഡ് ഇഞ്ചുറി റീഹാബിലിറ്റേഷൻ യൂണിറ്റ്, ഭിന്ന ശേഷിക്കാരായ യുവാക്കൾക്കുള്ള തൊഴിൽപരിശീലന സംവിധാനം, ഭിന്നശേഷിക്കാർക്കായുള്ള പ്രത്യേക ഡെന്റൽ ക്ലിനിക്, വൈകല്യങ്ങൾ നേരത്തേ കണ്ടെത്തുന്നതിനും ഇടപെടുന്നതിനുമുള്ള സ്റ്റെപ്സ് പ്രോഗ്രാം എന്നിവ നിപ്മറിന്റെ പ്രത്യേകതകളാണ്.
സെപ്തംബർ 25ന് ന്യൂയോർക്ക് സമയം പന്ത്രണ്ടു മണിയ്ക്ക് യുഎൻ പൊതുസഭയുടെ എഴുപത്തൊമ്പതാം സമ്മേളനത്തിന് അനുബന്ധമായി ‘കർമ്മസേന സൗഹൃദ’ (Friends of the Task Force meeting) യോഗത്തിലാണ് ‘യുഎൻ കർമ്മസേന പുരസ്കാര’ സമർപ്പണം.