കൊച്ചി
സിനിമാ ടിക്കറ്റ് വിൽപ്പനയ്ക്കായി സർക്കാർ തയ്യാറാക്കിയ ‘എന്റെ ഷോ’ മൊബൈൽ ആപ്പിനും വെബ്സൈറ്റിനും തുരങ്കംവച്ചത് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ ഉൾപ്പെടെയുള്ളവരാണെന്ന് നടനും സംവിധായകനുമായ ഉണ്ണി ശിവപാൽ ആരോപിച്ചു. അതേസമയം ആരോപണം നിഷേധിച്ച ബി ഉണ്ണികൃഷ്ണൻ ഇതിനെ നിയമപരമായി നേരിടുമെന്ന് പ്രതികരിച്ചു.
സർക്കാരിനും സിനിമാ വ്യവസായത്തിനും ഒരുപോലെ ഗുണമുണ്ടാകുമായിരുന്ന ആപ് നടപ്പാക്കാൻ അനുവദിക്കാതെ ഇഷ്ടക്കാർക്ക് നേട്ടംകൊയ്യാൻ ഒത്താശ ചെയ്തുകൊടുത്തുവെന്നും ഇതിനു മുന്നിൽനിന്നത് ബി ഉണ്ണികൃഷ്ണനാണെന്നുമാണ് ‘ഒരു മാധ്യമസുഹൃത്ത് അയച്ചുതന്ന കുറിപ്പ്’ എന്ന തലക്കെട്ടോടെ ഉണ്ണി ശിവപാൽ ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചത്.
പദ്ധതിക്കായി കുറഞ്ഞതുക കോട്ട് ചെയ്തിരുന്നത് ഐ-നെറ്റ് വിഷൻ എന്ന തന്റെ കമ്പനിയാണ്. എന്നിട്ടും കമ്പനിയെ ഒഴിവാക്കി. ആരോപണം ഉണ്ണികൃഷ്ണൻ നിഷേധിച്ചാൽ തെളിവുകൾ പുറത്തുവിടും. സർക്കാർ അപ്ലിക്കേഷനിൽ സിനിമ ബുക്ക് ചെയ്യാൻ സർവീസ് ചാർജ് 10 രൂപ മാത്രമായിരുന്നു. ഇതിൽ അഞ്ചുരൂപ ക്ഷേമനിധിയിലേക്കും അഞ്ചുരൂപ തിയറ്റർ ഉടമകൾക്കും എന്നായിരുന്നു ധാരണ. നികുതി വെട്ടിപ്പ് പൂർണമായി തടയാൻ ഉപകരിക്കുന്ന സംവിധാനമാണ് ഇല്ലാതാക്കിയത്– -ഉണ്ണി ശിവപാൽ പറഞ്ഞു.
സർക്കാർ ഇത്തരത്തിലുള്ള ആപ്ലിക്കേഷൻ വികസിപ്പിക്കുന്നുണ്ടെന്ന് അറിയാമായിരുന്നുവെന്നും സർക്കാരും കെൽട്രോണും ചേർന്നുള്ള പദ്ധതിയിൽ എങ്ങനെയാണ് മറ്റു സ്വകാര്യ കമ്പനികൾക്ക് റോൾ ഉള്ളതെന്ന് അറിയില്ലെന്നും ബി ഉണ്ണികൃഷ്ണൻ പ്രതികരിച്ചു.