തിരുവനന്തപുരം
വയനാട് ദുരന്തത്തിന്റെ നഷ്ടക്കണക്ക് അധികപ്പറ്റാണെന്ന് ആക്ഷേപിക്കുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, 2012-ൽ വരൾച്ചാദുരിതാശ്വാസമായി യുഡിഎഫ് സർക്കാർ 19,000 കോടിയുടെ നഷ്ടം കണക്കാക്കിയതിന്റെ മാനദണ്ഡം വിശദീകരിക്കണമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഡോ. തോമസ് ഐസക്.
‘‘തുക സർക്കാർ എഴുതിയെടുത്തെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രനും ഏഷ്യാനെറ്റ് അവതാരകരും പറയുന്നതുപോലെ പ്രതിപക്ഷ നേതാവ് പറയരുത്. 2012 മുതൽ കേരളം അധികസഹായം തേടിയതിന്റെ നിവേദനങ്ങൾ ദുരന്തനിവാരണ അതോറിറ്റിയുടെ വെബ്സൈറ്റിലുണ്ട്. ഏതു മുന്നണി ഭരിച്ചാലും പ്രകൃതിദുരന്ത കണക്കുകൾ കൂട്ടുന്നത് ഒരേ സമ്പ്രദായത്തിലാണ്. എസ്ഡിആർഎഫ് മാനദണ്ഡപ്രകാരം അനുവദനീയമായ പ്രതീക്ഷിത ചെലവ് എത്രയെന്ന് ഇനം തിരിച്ചുപറയും. പിന്നെയുള്ള നഷ്ടം ദുരന്തനിവാരണ മാനദണ്ഡ പ്രകാരമല്ല. യഥാർഥത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്ന നഷ്ടമാണ്.
2018ലെ പ്രളയത്തിൽ 30,000-ത്തിൽപ്പരം കോടിയായിരുന്നു നഷ്ടം. 6000 കോടിയാണ് കേന്ദ്രത്തോട് അഭ്യർഥിച്ചത്. 2914 കോടിരൂപയാണ് അനുവദിച്ചത്. ഇതിൽനിന്ന് വ്യോമസേനയുടെ ചെലവും അരിയുടെ വിലയും കേന്ദ്രസർക്കാർ കിഴിച്ചു. നിവേദനം കേന്ദ്രസംഘം വിലയിരുത്തിയിട്ടുണ്ട്. അവർ അനുവദിക്കുന്ന തുകയിൽനിന്ന് യഥാർഥ ചെലവ് കേരളത്തിന് റീ ഇംബേഴ്സ് ചെയ്യുകയാണ് നടപടിക്രമം. ഇതാണ് എക്കാലത്തുമുള്ളത്’’–– ഐസക് പറഞ്ഞു.