തിരുവനന്തപുരം
അർബുദ ബാധിതരുടെ വീട് കേരള ബാങ്ക് ജപ്തി ചെയ്തുവെന്ന വാർത്ത അടിസ്ഥാന രഹിതം. 1,27,008 രൂപ ബാങ്ക് ഇളവ് അനുവദിക്കുകയും ശേഷിച്ച തുക അടച്ച് ഈടായി നൽകിയ പ്രമാണം തിരിച്ചുനൽകുകയും ചെയ്ത സംഭവത്തിലാണ് ചില മാധ്യമങ്ങൾ വ്യാജവാർത്ത പ്രചരിപ്പിച്ചത്.
ബാങ്കിന്റെ പൂച്ചാക്കൽ ശാഖയിൽനിന്ന് ആലപ്പുഴ പെരുമ്പളം സ്വദേശി രാജപ്പന്റെ മകൻ ശ്രീജിത്ത് 2017 ഫെബ്രുവരിയിലാണ് രണ്ടുലക്ഷം രൂപ വായ്പ എടുത്തത്. രാജപ്പന്റെ പേരിലുള്ള വസ്തുവാണ് ഈടായി നൽകിയത്.
വായ്പ കുടിശ്ശികയായതിനെത്തുടർന്ന് ബാങ്ക് നോട്ടീസുകൾ അയച്ചിരുന്നു. തുടർന്ന് രാജപ്പനും മകനും ബാങ്കിലെത്തി. രാജപ്പന്റെ ഭാര്യയും കൊച്ചുമകളും അർബുദ ബാധിതരായി ചികിത്സയിലാണ്. മകൾ അർബുദം ബാധിച്ച് മരിച്ചു. കുടുംബത്തിന്റെ ദുരവസ്ഥ ബോധ്യപ്പെട്ടതിനാൽ അധികൃതർ ജപ്തി നടപടി സ്വീകരിച്ചില്ല. ജൂലൈയിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ 1,27,008 രൂപ പലിശ പൂർണമായും ഇളവുചെയ്തു. ശേഷിക്കുന്ന 1,70,000 രൂപ കഴിഞ്ഞ 13ന് അടയ്ക്കുകയും പ്രമാണങ്ങൾ തിരികെ നൽകുകയും ചെയ്തു.
തികച്ചും മാനുഷികപരമായ സമീപനമാണ് ബാങ്കിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്നും കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലും സിഇഒ ജോർട്ടി എം ചാക്കോയും അറിയിച്ചു. ഈ സാമ്പത്തിക വർഷം വ്യവസ്ഥകൾക്ക് വിധേയമായി 20,474 വായ്പകളിൽ 200 കോടി രൂപ ഇളവ് നൽകിയിട്ടുണ്ടെന്നും അവർ അറിയിച്ചു.