തിരുവനന്തപുരം
ലഹരിമാഫിയയും ക്രിമിനൽ സംഘങ്ങളും സൃഷ്ടിക്കുന്ന ഭീകരത തുറന്നുകാട്ടുന്ന ‘തീ’ ആഗോള പ്രേക്ഷകരിലേക്ക്. ആപ്പിൾ ടിവിയിലാണ് ചിത്രം സ്ട്രീം ചെയ്ത് തുടങ്ങിയത്. യൂ ക്രിയേഷൻസ്, വിശാരദ് ക്രിയേഷൻസ് എന്നീ ബാനറുകളിൽ അനിൽ വി നാഗേന്ദ്രൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രം റിലീസിന് മുമ്പ് ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.
മുഹമ്മദ് മുഹസിൻ എംഎൽഎ ആണ് നായകൻ. ഋതേഷ് ആണ് വില്ലൻ. അധോലോക നായകനായി ഇന്ദ്രൻസും. പുതുമുഖം സാഗരയാണ് നായിക. പ്രേംകുമാർ, രമേഷ് പിഷാരടി, വിനുമോഹൻ, അരിസ്റ്റോ സുരേഷ്, ഗായകൻ ഉണ്ണിമേനോൻ, വിപ്ലവഗായിക പി കെ മേദിനി, ആർട്ടിസ്റ്റ് സുജാതൻ, നാടൻ പാട്ടുകാരൻ സി ജെ കുട്ടപ്പൻ തുടങ്ങിയവർക്ക് ഒപ്പം രാഷ്ട്രീയ നേതാക്കളായ കെ സുരേഷ് കുറുപ്പ്, സി ആർ മഹേഷ്, കെ സോമപ്രസാദ്, സൂസൻ കോടി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ലഹരിവസ്തുക്കൾക്കെതിരായുള്ള ബോധവൽക്കരണത്തിനായി വിദ്യാഭ്യാസം, ആരോഗ്യം, പൊലീസ്, എക്സൈസ്, സാമൂഹ്യനീതി എന്നീ വകുപ്പുകളെ സംയോജിപ്പിച്ച് സംസ്ഥാന സർക്കാർ ആരംഭിച്ച “യോദ്ധാവ്’ പദ്ധതിയിൽ തെരഞ്ഞെടുത്ത ചലച്ചിത്രമാണ് “തീ’. ലഹരിയുടെ പിടിയിൽ അകപ്പെടുന്നവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനും നന്മയുടെ വഴിയിലേക്ക് നയിക്കാനും ചിത്രത്തിന് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.