കൽപ്പറ്റ
ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ സ്ഥിരപുനരധിവാസത്തിനുള്ള നടപടി അതിവേഗം. ടൗൺഷിപ്പിനുള്ള സ്ഥലനിർണയും അന്തിമഘട്ടത്തിലാണ്. കൽപ്പറ്റ നഗരത്തോട് ചേർന്നുള്ള എൽസ്റ്റൺ എസ്റ്റേറ്റും മൂപ്പെെനാട് പഞ്ചായത്തിലെ നെടുമ്പാല എച്ച്എംഎൽ എസ്റ്റേറ്റുമാണ് പരിഗണനയിൽ. മേപ്പാടി ടൗണിൽനിന്ന് ആറ് കിലോമീറ്ററാണ് നെടുമ്പാലയ്ക്കുള്ളത്. ഇവയിൽ ഏതുവേണമെന്ന സർക്കാർ തീരുമാനം ഉടനുണ്ടാകും.
പുനരധിവാസത്തിന് 29 സ്ഥലങ്ങളാണ് ആദ്യഘട്ടം പരിശോധിച്ചത്. ഇതിൽ 18 സ്ഥലങ്ങളിൽ സർക്കാർ നിശ്ചയിച്ച ഡോ. ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം പഠനം നടത്തി അനുയോജ്യമായ ഒമ്പതെണ്ണത്തിന്റെ പട്ടിക നൽകി. സർവകക്ഷി നേതാക്കളുൾപ്പെടെയുള്ളവരുമായി ആശയവിനിമയം നടത്തിയാണ് രണ്ട് സ്ഥലങ്ങൾ നിർണയിച്ചത്.
ദുരന്തബാധിതരെ ഒരുമിച്ച് പുനരധിവസിപ്പിക്കണമെന്ന ആവശ്യമാണുള്ളത്. ഒരേ മാതൃകയിൽ ഒറ്റനിലവീട് നിർമിച്ച് നൽകാനാണ് തീരുമാനം. ആയിരം ചതുരശ്ര അടിയിലുള്ള വീടുകളാകും ഒരുക്കുക.