തൃശൂർ
ഭിന്നശേഷിക്കാർക്കും കിടപ്പുരോഗികൾക്കുമുള്ള സഹായോപകരണങ്ങൾ വീട്ടിലെത്തിക്കുന്ന, ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ)യുടെ ടാപ് (ട്രെയ്നിങ് ഇൻ അസിസ്റ്റീവ് പ്രൊഡക്ട്) പദ്ധതി ഇന്ത്യയിൽ ആദ്യമായി നടപ്പാക്കുന്നത് കേരളത്തിൽ. സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള ഇരിങ്ങാലക്കുട നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷനാണ് (നിപ്മർ) പദ്ധതി നടത്തിപ്പിന്റെ ദേശീയ ചുമതല. ഇന്ത്യയിലെ ആദ്യ സമ്പൂർണ സഹായ ഉപകരണ വിതരണ പഞ്ചായത്തായി ജില്ലയിലെ ആളൂർ മാറും. 45.6 ലക്ഷം രൂപയാണ് ഡബ്ല്യുഎച്ച്ഒ നൽകുക. ഒക്ടോബറിൽ ഗൃഹസന്ദർശനത്തിലൂടെ ചലനം, കാഴ്ച, സ്വയം പരിചരണ ഉപകരണങ്ങൾ എന്നിവ ആവശ്യമുള്ളവരെ കണ്ടെത്തും.
സഹായോപകരണങ്ങളുടെ ആവശ്യകതാ നിർണയം, ഉപയോഗം എന്നിവയിൽ നിപ്മറിലെ ഫിസിയോതെറാപ്പിസ്റ്റുകൾ, സ്പീച്ച് തെറാപ്പിസ്റ്റുകൾ, ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റുകൾ, പ്രോസ്തറ്റിക്സ് ആൻഡ് ഓർത്തോട്ടിക്സ് ടെക്നീഷ്യൻ എന്നിവർക്ക് പരിശീലനം നൽകി. പ്രൊഫഷണൽ വിദ്യാർഥികൾ, അങ്കണവാടി, ആശാ വർക്കർമാർ, പാലിയേറ്റീവ് കെയർ നഴ്സ്, ആരോഗ്യ പ്രവർത്തകർ, ഇൻസ്പെക്ടർമാർ, ജൂനിയർ ഇൻസ്പെക്ടർമാർ എന്നിവർക്കും പരിശീലനം നൽകിയതായി നിപ്മർ എക്സി. ഡയറക്ടർ സി ചന്ദ്രബാബു പറഞ്ഞു.
സംസ്ഥാന തലത്തിൽ സഹായ ഉപകരണങ്ങളുടെ നിർമാണം, വിതരണം എന്നിവയ്ക്ക് നിപ്മറിന് തദ്ദേശ ഭരണ വകുപ്പിന്റെ അനുമതിയുണ്ട്.