‘നിങ്ങളുടെ പേരിൽ അയച്ച കൊറിയറിൽനിന്ന് എംഡിഎംഎ പിടികൂടിയിട്ടുണ്ട്. പാഴ്സലിൽ വ്യാജ പാസ്പോർട്ടുകളും ക്രെഡിറ്റ് കാർഡുകളും ഉണ്ട്. കേസ് രജിസ്റ്റർചെയ്തതിനാൽ നിങ്ങൾ വെർച്വൽ അറസ്റ്റിലാണ്’– ഫോൺ സന്ദേശം ലഭിച്ച കോഴിക്കോട് മീഞ്ചന്തയിലെ ബിസിനസുകാരൻ അങ്കലാപ്പിലായി.
ആർക്കും പാഴ്സൽ അയച്ചിട്ടില്ലെന്ന് പറഞ്ഞപ്പോൾ മുംബൈയിൽനിന്ന് തായ്ലാൻഡിലേക്ക് കൊറിയർ അയച്ചതിന്റെ രേഖകൾ സ്കൈപ് ആപ്പിൽ നൽകി. ഒപ്പം മുംബൈ സൈബർ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ തിരിച്ചറിയൽ കാർഡും. മറ്റാരെയും ഇക്കാര്യം അറിയിക്കരുതെന്നും വിവരം ചോർന്നാൽ നേരിട്ടെത്തി അറസ്റ്റുചെയ്ത് മുംബൈയിലേക്ക് കൊണ്ടുപോകുമെന്നും ഭീഷണിയും. ആർബിഐ വെരിഫിക്കേഷന് 32.50 ലക്ഷം രൂപ നൽകണമെന്നും പണം പിന്നീട് തിരിച്ചുകിട്ടുമെന്നും അറിയിച്ചു. പണം കൈമാറി ആഴ്ചകൾ പിന്നിട്ടിട്ടും തിരിച്ചുലഭിക്കാതായതോടെ വ്യാപാരി സൈബർ പൊലീസിനെ സമീപിച്ചു.
സൈബർ തട്ടിപ്പുസംഘങ്ങളുടെ പുതുരീതിയാണ് വെർച്വൽ അറസ്റ്റ്. സിബിഐ, കസ്റ്റംസ്, കേന്ദ്ര ഇന്റലിജൻസ് എന്നിങ്ങനെ പല പേരുകളിൽ സമീപിക്കും. ബിസിനസ്സുകാരെയും പണക്കാരെയുമാണ് വലയിലാക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ പേരിലോ കൊറിയർ കമ്പനികളുടെ പേരിലോ ബന്ധപ്പെടും. വിശ്വാസ്യതയ്ക്ക് യൂണിഫോമിൽ വീഡിയോ കോളിൽ പ്രത്യക്ഷപ്പെടും. കേസിൽനിന്ന് രക്ഷപ്പെടാനും അറസ്റ്റ് ഒഴിവാക്കാനുമാണ് പണം ആവശ്യപ്പെടുക. പണമടച്ചശേഷവും ഭീഷണി തുടരും.
വെർച്വൽ അറസ്റ്റോ ?
ഒരു അന്വേഷണ ഏജൻസിയും വെർച്വൽ അറസ്റ്റ് നടത്തില്ലെന്ന് പൊലീസ്. അന്വേഷണത്തിന്റെ ഭാഗമായി ഫണ്ട് കൈമാറാനും ആവശ്യപ്പെടില്ല. സംശയാസ്പദ ഇടപാടിൽ ഉടമയോട് ചോദിക്കാതെ അക്കൗണ്ടുകൾ മരവിപ്പിക്കുക മാത്രമേ ചെയ്യൂ
.ശ്രദ്ധിക്കേണ്ടത്
● സംശയാസ്പദ ആശയവിനിമയം ശ്രദ്ധയിൽപ്പെട്ടാൽ പൊലീസിനെ അറിയിക്കുക
● ഏജൻസികളുടെ ഔദ്യോഗിക വെബ്സൈറ്റിലുള്ള ഫോൺ നമ്പറിലൂടെയും ഇ–-മെയിലിലൂടെയും ബന്ധപ്പെടുക
● നിയമസാധുത സ്ഥിരീകരിക്കുംവരെ പണം നൽകരുത്, സാമ്പത്തിക വിശദാംശങ്ങൾ പങ്കിടരുത്.
24 മണിക്കൂർ നിർണായകം
സൈബർ തട്ടിപ്പുകൾ നടന്നശേഷമുള്ള ഗോൾഡൻ ടൈമാണ് 24 മണിക്കൂർ. അതിനുള്ളിൽ 1930 എന്ന നമ്പറിൽ അറിയിച്ചാൽ പ്രതികളിലേക്ക് അതിവേഗം എത്താം. അക്കൗണ്ടുകൾ മരവിപ്പിക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലൂടെ ഫണ്ട് കൈമാറ്റം തടയാം. ഈ സമയം കഴിഞ്ഞാൽ www.cybercrime.gov.in വെബ്സൈറ്റിൽ രജിസ്റ്റർചെയ്യണം.
(അവസാനിക്കുന്നില്ല)