മലപ്പുറം> നിപാ സ്ഥിരീകരിച്ച മലപ്പുറം ജില്ലയിൽ 175 പേർ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. പുതുക്കിയ പട്ടികയിലാണ് 175 പേർ. ഇതിൽ 74 പേർ ആരോഗ്യ പ്രവർത്തകരാണ്. പ്രാഥമിക സമ്പർക്ക പട്ടികയിൽ 126 പേരും സെക്കൻഡറി സമ്പർക്ക പട്ടികയിൽ 49 പേരുമാണുള്ളത്.
പ്രാഥമിക പട്ടികയിൽ 104 പേരാണ് ഹൈ റിസ്ക് കാറ്റഗറിയിലുള്ളത്. സമ്പർക്ക പട്ടികയിലുള്ള 10 പേർ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. നിലവിൽ 13 പേരുടെ സ്രവം പരിശോധനയ്ക്കായി അയച്ചു. ഇതിന്റെ ഫലം വരാനുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
നിപാ ബാധിച്ച് മരിച്ച 24കാരന്റെ റൂട്ട് മാപ്പ് നേരത്തെ ആരോഗ്യവകുപ്പ് പുറത്തിറക്കിയിരുന്നു. നിലമ്പൂർ പൊലീസ് സ്റ്റേഷൻ, വണ്ടൂർ നിംസ്, പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളേജ്, ഫാസിൽ ക്ലിനിക്ക്, ജെഎംസി ക്ലിനിക് എന്നിവിടങ്ങളിൽ സമ്പർക്കമുണ്ടായതായാണ് റൂട്ട് മാപ്പിൽ വ്യക്തമാക്കുന്നത്. ഇതിനു പുറമെ കരുളായിയിലെ പാരമ്പര്യ വൈദ്യൻ ബാബുവുമായും സമ്പർക്കം ഉണ്ടായിട്ടുണ്ട്.