തിരുവനന്തപുരം> വയനാട് ദുരന്തം നേരിടുന്നതിന് ആവശ്യമായ സഹായധനത്തിനുള്ള നിവേദനത്തിലെ പട്ടിക യഥാർത്ഥ ചെലവായി കാണിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് എതിരെ അപകീർത്തി പ്രചാരണം. ഓണം അവധിക്ക് തൊട്ടടുത്ത ദിവസം തന്നെ തെരഞ്ഞെടുത്ത് ഒരു വിഭാഗം മാധ്യമങ്ങളും സൈബർ സംഘങ്ങളും ദുരന്തനിവാരണ, ദുരിതാശ്വാസ പ്രവർത്തനങ്ങളെ അപമതിക്കുന്ന പ്രചാരണത്തിന് നേതൃത്വം നൽകി.
ദുരിതാശ്വാസത്തിന് വേണ്ടിവരുന്ന ബാധ്യത ഓരോ ഇനത്തിലായി ഉൾപ്പെടുത്തി മൊത്തം ചെലവ് കണക്കാക്കിയതിനെ അതത് വിഭാഗത്തിൽ ചിലവഴിച്ച തുക എന്ന നിലയ്ക്ക് പ്രചരിപ്പിക്കയാണ്.
വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ റവന്യു മന്ത്രി കെ രാജനും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷും ഇതിന്റെ യാഥാർത്ഥ്യം വ്യക്തമാക്കി പ്രതികരിച്ചു. എങ്കിലും സർക്കാരിനെതിരായ അവസരമാക്കി പ്രചാരണം തുടർന്നു.
ചീഫ് സെക്രട്ടറി ശാരദാ മുരളീധരനും ഇതു സംബന്ധിച്ച വിശദാംശങ്ങൾ വ്യക്തമാക്കി. കേന്ദ്രസര്ക്കാരിന്റെ നിബന്ധനകള് അനുസരിച്ചാണ് പുനരധിവാസ പാക്കേജിനായി നിവേദനം സമര്പ്പിച്ചിട്ടുള്ളത്. കേന്ദ്ര സർക്കാർ നിഷ്കർഷിക്കുന്ന നിബന്ധനകള് പ്രകാരം എല്ലാ ഇനത്തിലുള്ള ചെലവുകളും പ്രത്യേകം ഉൾപ്പെടുത്താനാവില്ല. ശരിക്കുള്ള ചെലവുകള് ഈ സമര്പ്പിച്ച തുകയേക്കാള് വളരെ കൂടുതലാണ്. അതിനുള്ള പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില് നിന്നും മറ്റും കണ്ടെത്തേണ്ട സാഹചര്യമാണുള്ളത് എന്നും ചീഫ് സെക്രട്ടറി വിശദമാക്കി.
വീടുകളുടെ നാശനഷ്ടത്തിനും മറ്റും കേന്ദ്രം നല്കുന്ന ധനസഹായം ആവശ്യമായതിനെക്കാൾ കുറവാണ്. കേന്ദ്രത്തിന്റെ മാര്ഗനിര്ദേശങ്ങള് പാലിക്കുന്നതിന്റെ ഭാഗമായാണ് അനുവദനീയമായ കാര്യങ്ങളില് പണച്ചെലവ് കൂട്ടിക്കാണിക്കുന്നത്. മോഡല് ടൗണ്ഷിപ്പ്, പുനരധിവാസം പൂര്ത്തിയാവും വരെ ഇടക്കാല താമസമടക്കമുള്ള
കാര്യങ്ങള്, നഷ്ടപരാഹാരം നല്കൽ എന്നിങ്ങനെ വന്ചെലവുള്ള ഏറെക്കാര്യങ്ങള് മുന്നിലുണ്ട്. ഈ കണക്കുകള് ഒരു പ്രൊജക്ഷന് മാത്രമാണ്, ദുരന്തത്തിന്റെ പ്രാരംഭഘട്ടത്തിൽ തയ്യാറാക്കിയതാണ്. സാധാരണ പ്രകൃതിദുരന്ത കാലങ്ങളിലൊക്കെ സ്വീകരിച്ചു വരുന്ന മാതൃകയാണിതെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.
വ്യാജപ്രചാരണം ആരെയാണ് സഹായിക്കുന്നത്
മന്ത്രി എം ബി രാജേഷിന്റെ കുറിപ്പ്
നമ്മളിൽ പലരും വീട് എടുത്തിട്ടുണ്ടാകും. അതെടുക്കും മുന്നേ ലോൺ കിട്ടാൻ ഒരു ബഡ്ജറ്റ് തയ്യാറാക്കി നമ്മൾ ബാങ്കിൽ കൊടുക്കും. ഇതാണ് എസ്ടിമേറ്റഡ് ബഡ്ജറ്റ്. അത് നമുക്ക് തോന്നുംപോലെ ഉണ്ടാക്കാൻ പറ്റില്ല. ആ ബഡ്ജറ്റ് തയ്യാറാക്കുന്നത് ഓരോ ഉൽപ്പന്നത്തിന്റെയും മാർക്കറ്റ് വില പരിഗണിച്ചും ചില എമ്പിരിക്കൽ ഫോർമുല ഉപയോഗിച്ചുമാണ്. നാട്ടിൽ ഒരു വീട് എടുക്കാൻ സ്ക്വയർ ഫീറ്റിന് 2000-2500 വരെ വേണ്ടി വരും എന്ന് നമ്മൾ കണക്കാക്കുന്നത് അങ്ങനെയാണ്. ചിലപ്പോ അത്രയും തുക ചിലവാക്കില്ല. മറ്റു ചിലപ്പോ കൂടിയെന്നും വരാം. ഈ രീതിയിൽ ബാഡ്ജറ്റ് പ്രോജക്ഷൻ നടത്തുന്നത് എല്ലാ കാര്യത്തിലും ഉള്ളതാണ്.
ദുരന്തങ്ങൾ ഉണ്ടാകുമ്പോ നാശ നഷ്ട്ടങ്ങളും ആദ്യഘട്ടത്തിലെ ദുരിതാശ്വാസത്തിനും ചിലവാകുന്ന തുകയുടെ ബജറ്റ് എങ്ങനെയാണ് നമ്മൾ കണക്കാക്കുക?
അത് ദുരന്ത ബാധിതരായ ആളുകളുടെ എണ്ണവും അവർക്ക് സർക്കാർ പിന്തുണ വേണ്ട ദിവസങ്ങളുടെ എണ്ണവും പരിഗണിച്ചു ചില എമ്പിരിക്കൽ ഫോർമുല ഉപയോഗിച്ചാണ്. ഒരാൾക്ക് വസ്ത്രത്തിനു ഇത്ര പൈസ, പാത്രങ്ങൾക്ക് ഇത്ര പൈസ… അങ്ങനെ ഒരാൾക്ക് വേണ്ട തുകയും അതിൽ നിന്നും ആകെപേർക്ക് വേണ്ട തുകയും കണ്ടെത്തും.
ഇത് ചിലവാക്കിയ തുകയല്ല. പ്രോജക്ഷനാണ്. അതാണ് കോടതിയിൽ കൊടുത്തത്. ഇതും പൊക്കി പിടിച്ചു സർക്കാർ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി അമിതത്തുക ചിലവാക്കി എന്നും പറയുന്നവരുടെ ഉദ്ദേശം വേറെയാണ്.
മാധ്യമങ്ങളാണ് കേരളത്തിലെ ഇടതുപക്ഷത്തിന്റെ മുഖ്യശത്രുക്കൾ എന്ന് ഇനിയെങ്കിലും തിരിച്ചറിയണം. ആ മാധ്യമങ്ങളെ ബഹിഷ്കരിക്കണമെങ്കിൽ അത് തന്നെ ചെയ്യണം. ഓണത്തിന് ഇടതു നേതാക്കളുടെ കൂടെ ഓണമാഘോഷിക്കുന്ന പരിപാടി ഒക്കെ ഉണ്ടാകും. പക്ഷേ പിറ്റേന്ന് ഇടതുപക്ഷത്തിനെതിരെ നട്ടാൽ മുളക്കാത്ത വ്യാജ വാർത്തയും വരും. രണ്ടിനെയും എങ്ങനെ ഡീൽ ചെയ്യണം എന്നത് കാര്യമായി ആലോചിക്കേണ്ട ഒന്നാണ്.