ഹൈദരബാദ്> തെന്നിന്ത്യൻ ഡാൻസ് കൊറിയോഗ്രാഫർ ജാനി മാസ്റ്ററിനെതിരെ ലൈംഗികപീഡന കേസ്. നൃത്ത സംവിധാന രംഗത്ത് പ്രവർത്തിക്കുന്ന 21 കാരിയുടെ പരാതിയിൽ പോലീസ് എഫ്.ഐ.ആർ രേഖപ്പെടുത്തി.
സിനിമ ചിത്രീകരണത്തിനിടെ ചെന്നൈ, മുംബൈ, ഹൈദരബാദ് എന്നിവിടങ്ങളിൽ വെച്ച് ജാനി മാസ്റ്റർ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. യുവതിയുടെ നർസിങ്കിയിലുള്ള വസതിയിൽ വെച്ചും പലതവണ പീഡിപ്പിച്ചിട്ടുണ്ടെന്നും പരാതിയിലുണ്ട്. തുടരന്വേഷണത്തിനായി റായ്ദുർഗ് പോലീസ് കേസ് നർസിങ്കി പോലീസിന് കൈമാറി.
മധ്യപ്രദേശ് സ്വദേശിനിയായ യുവതി ജാനി മാസ്റ്ററിന് ഒപ്പം നൃത്ത സംവിധാന രംഗത്തുള്ള വ്യക്തിയാണ്. ജാനി തെലുഗു സിനിമാ രംഗത്ത് തുടങ്ങി തെന്നിന്ത്യൻ സിനിമാ ലോകത്തെ സാന്നിധ്യമായി മാറിയ നൃത്ത സംവിധായകനാണ്.
ഷെയ്ക്ക് ജാനി ബാഷ എന്ന ജാനി മാസ്റ്ററിന് എതിരെ നേരത്തെയും പോലീസിൽ പരാതികൾ ലഭിച്ചിരുന്നു. ഈ വർഷം ജൂണിൽ ജാനി മാസ്റ്റർ തന്നെ ഉപദ്രവിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തതായി നർത്തകനായ സതീഷ് പോലീസിൽ പരാതിപ്പെട്ടിരുന്നു. പിന്നാലെ ആരോപണം നിഷേധിച്ച് ജാനി മാസ്റ്റർ രംഗത്തെത്തി.
തിരുച്ചിത്രമ്പലം എന്ന തമിഴ് സിനിമയിലെ നൃത്ത സംവിധാനത്തിന് ജാനി മാസ്റ്റർ ഇത്തവണ ദേശീയ പുരസ്കാരത്തിന് അർഹനായിരുന്നു. റൌഡി ബേബി എന്ന ഹിറ്റ് ഗാനത്തിന്റെ നൃത്ത സംവിധാനം നിർവ്വഹിച്ചു. അവാർഡ് ജേതാക്കളെ അനുമോദിച്ചതിൽ അല്ലു അർജുൻ ജാനി മാസ്റ്ററുടെ പേര് പരാമർശിക്കാതെ വിട്ടത് വിവാദമായിരുന്നു.