പത്തനംതിട്ട > ആറൻമുള പാർത്ഥ സാരഥി ക്ഷേത്രത്തിൽ തിരുവോണ ദിവസം സദ്യ ഒരുക്കാനുള്ള വിഭവങ്ങളുമായി തിരുവോണത്തോണി ഇന്ന് പുറപ്പെടും. ആറന്മുളയിൽ നിന്നും വെള്ളിയാഴ്ച പുറപ്പെട്ട തിരുവോണത്തോണി വൈകിട്ടോടെ കാട്ടൂരെത്തി. കാട്ടൂർ ഇല്ലത്തുനിന്ന് ശേഖരിച്ച വിഭവങ്ങളുമായാണ് തിരുവോണത്തോണി പുറപ്പെടുക. തിരുവോണത്തോണിക്ക് നായകത്വം വഹിക്കാനായി മങ്ങാട്ട് ഭട്ടതിരി ആറന്മുളയിൽ എത്തിയിരുന്നു. കോട്ടയം കുമാരനല്ലൂർ മങ്ങാട്ട് ഇല്ലത്തെ അനൂപ് നാരായണ ഭട്ടതിരിയാണ് ഇക്കുറി യാത്രയിൽ തിരുവോണത്തോണിക്ക് നായകത്വം വഹിക്കുന്നത്. തിരുവോണ നാളിൽ പുലർച്ചെയാണ് വിഭവങ്ങളുമായി തോണി ആറൻമുള ക്ഷേത്ര കടവിൽ എത്തുക.
തിരുവോണത്തോണിയുടെ ഐതിഹ്യം
ആറൻമുളയ്ക്കടുത്ത് കാട്ടൂർ മങ്ങാട് ഇല്ലത്തെ ഭട്ടതിരിയ്ക്ക് സന്താനങ്ങളുണ്ടായിരുന്നില്ല. ഒടുവിൽ ഒരു കുട്ടി ജനിച്ചപ്പോൾ അത് ആറൻമുള ഭഗവാന്റെ കൃപയാണെന്ന് ഭട്ടതിരി വിശ്വസിച്ചു. എല്ലാ വർഷവും തിരുവോണ സദ്യ ഉണ്ണും മുമ്പ് അദ്ദേഹം ഒരു ബ്രഹ്മചാരിയ്ക്ക് ഭക്ഷണം നല്കും. ഒരിക്കൽ ഈ പതിവ് തെറ്റി. ബ്രഹ്മചാരി എത്താതെ താൻ തിരുവോണ സദ്യ കഴിയ്ക്കുകയില്ലെന്ന് ഭട്ടതിരി ശാഠ്യം പിടിച്ചു. അപ്പോൾ ഒരു ബാലനെത്തി ഊണ് കഴിച്ചു. അന്ന് ഭട്ടതിരി ഒരു സ്വപ്നം കണ്ടു. ഇല്ലത്ത് വന്നത് തിരുവാറന്മുളയപ്പനാണെന്നും സദ്യ ഇനി ആറൻമുള ക്ഷേത്രത്തിൽ വന്ന് നൽകിയാൽ മതിയെന്ന് ദർശനത്തിൽ പറഞ്ഞുവത്രെ. പിറ്റേവർഷം മുതൽ തിരുവോണത്തിനുള്ള സദ്യവട്ടവുമായി ഭട്ടതിരി മങ്ങാട്ട് ഇല്ലത്തിൽ നിന്നും വള്ളത്തിൽ ആറൻമുളയിലേക്ക് തിരിക്കും. ഈ തോണിയാണ് തിരുവോണത്തോണി.
ആറന്മുള ക്ഷേത്രക്കടവിൽ നിന്നും ദക്ഷിണ നൽകി തിരുവോണത്തോണിയെ കാട്ടൂരിലേക്ക് യാത്രയാക്കുന്നു
ഒരിക്കൽ തിരുവോണത്തോണിയിൽ ആറൻമുളയിലേക്ക് യാത്ര തിരിച്ച ഭട്ടതിരിയെ വഴിയിൽ വച്ച് കൊള്ളക്കാർ ആക്രമിച്ചു. സംഭവമറിഞ്ഞ് കരക്കാർ വള്ളങ്ങളിലെത്തി ഭട്ടതിരിയ്ക്കും തിരുവോണത്തോണിയ്ക്കും സംരക്ഷണം നല്കി. അടുത്ത വർഷങ്ങളിൽ തിരുവോണത്തോണിയ്ക്ക് അകമ്പടി സേവിയ്ക്കാൻ ഉയർന്ന അമരവും അണിയവുമായി പണി കഴിപ്പിച്ച പോർവള്ളങ്ങളായ ചുണ്ടൻ വള്ളങ്ങൾ എത്തി. ഇവയാണ് ആറൻമുള പള്ളിയോടങ്ങൾ.
ഇതിനിടെ മങ്ങാട്ടില്ലത്ത് താമസം തുടർന്നു പോകാൻ തടസ്സങ്ങളുണ്ടായപ്പോൾ ഭട്ടതിരി കുമാരനെല്ലൂരിലെ കാർത്യായനി ക്ഷേത്രത്തിനു സമീപം ഇല്ലം കെട്ടി അങ്ങോട്ടു മാറി. പക്ഷെ പതിവ് തെറ്റിച്ചില്ല. ചിങ്ങമാസത്തിലെ മൂലം നാളിൽ കുമാരനെല്ലൂരിലെ ഇല്ലത്തു നിന്നും മൂത്ത ഭട്ടതിരി ചുരുളൻ വള്ളത്തിൽ യാത്ര പുറപ്പെടും. താഴത്തങ്ങാടി വഴി കാവാലം, നീരേറ്റുപുറത്തു ചെന്ന് ചക്കുളത്തുകാവിലെത്തി വിശ്രമിക്കും. തിരുവല്ല മൂവടത്തു മഠത്തിലും പിറ്റേന്ന് രാവിലെ യാത്ര തുടർന്ന് ആറന്മുള ഗസ്റ്റ്ഹൗസിലുമെത്തി രാത്രി അവിടെ വിശ്രമിക്കും. ഉത്രാടം നാൾ രാവിലെ യാത്ര തിരിച്ച് അയിരൂർ പുതിയകാവിലും വൈകിട്ട് അഞ്ചോടെ കാട്ടൂരിലുമെത്തും. കാട്ടൂരിൽനിന്ന് അരിയും ഓണവിഭവങ്ങളും ആറൻമുളയിൽ നിന്നെത്തിയ അലങ്കരിച്ച തിരുവോണത്തോണിയിൽ നിറയ്ക്കും. കാട്ടൂർ മഹാവിഷ്ണുക്ഷേത്രത്തിലെ ചടങ്ങുകൾക്ക് ശേഷം അവിടെനിന്നും കൊളുത്തുന്ന ഭദ്രദീപവുമായി തിരുവോണത്തോണി ആറന്മുളയ്ക്ക് പുറപ്പെടും.
തിരുവോണ നാളിൽ പുലർച്ചെ ആറന്മുള ക്ഷേത്രത്തിലെ മധുക്കടവിലെത്തുന്ന തിരുവോണത്തോണിയിൽനിന്ന് ഭട്ടതിരിയെ വഞ്ചിപ്പാട്ടുപാടി എതിരേറ്റ് ശ്രീകോവിലിലേയ്ക്ക് ആനയിക്കും. തുടർന്ന് ഓണസദ്യയ്ക്കുള്ള അരിയളക്കും. ഓണവിഭവങ്ങൾകൊണ്ട് ഓണസദ്യയും ഒരുക്കും. അന്ന് അത്താഴ പൂജ കഴിഞ്ഞ് ക്ഷേത്രപൂജാരിയിൽ നിന്ന് പണക്കിഴി ഏറ്റുവാങ്ങുന്നതോടെ ഈ യാത്രാ ചടങ്ങുകൾക്ക് സമാപനമാകും. സദ്യ കഴിഞ്ഞുള്ള ചെലവ് കഴിഞ്ഞ് ബാക്കി തുകയാണിതത്രെ. ഈ പണക്കിഴി ഭണ്ഡാരത്തിൽ നിക്ഷേപിച്ച് മങ്ങാട്ട് ഭട്ടതിരി മടങ്ങും. മടക്കയാത്ര തിരുവോണത്തോണിയിലല്ല.