വാഷിങ്ടണ്> അൽ ഖ്വയ്ദ തലവൻ ഒസാമ ബിൻ ലാദന്റെ മകൻ ഹംസ ബിൻ ലാദൻ ജീവിച്ചിരിപ്പുണ്ടെന്നും തീവ്രവാദ സംഘടനയെ നയിക്കുന്നുണ്ടെന്നും ഇന്റലിജൻസ് റിപ്പോർട്ട് എടുത്തുകാണിച്ച് ദി മിറർ. ഹംസ തന്റെ സഹോദരനായ അബ്ദുല്ല ബിൻ ലാദനൊപ്പം അഫ്ഗാനിസ്ഥാനിൽ രഹസ്യമായി അൽ ഖ്വയ്ദയ്ക്കുവേണ്ടി പ്രവർത്തിക്കുകയാണെന്നാണ് ദി മിറർ റിപ്പോർട്ടിൽ പറയുന്നത്. താലിബാൻ വിരുദ്ധ സൈനിക സഖ്യമായ നാഷണൽ മൊബിലൈസേഷൻ ഫ്രണ്ട് (എൻഎംഎഫ്) ഹംസയുടെയും കൂട്ടാളികളുടെയും പ്രവർത്തനങ്ങളെ കുറിച്ച് വിശദമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. “ഭീകരവാദത്തിന്റെ കിരീടാവകാശി” എന്ന് വിളിക്കപ്പെടുന്നയാൾ വടക്കൻ അഫ്ഗാനിസ്ഥാനിൽ 450 സ്നൈപ്പർമാരുടെ സംരക്ഷണത്തിൽ ഒളിച്ചിരിക്കുകയാണെന്നാണ് എൻഎംഎഫ് പറയുന്നത്. 2021-ൽ താലിബാൻ അധികാരത്തിൽ വന്നതിനു ശേഷം അഫ്ഗാനിസ്ഥാൻ വിവിധ തീവ്രവാദ ഗ്രൂപ്പുകളുടെ പരിശീലന കേന്ദ്രമായി മാറിയെന്നും ഹംസ ബിൻ ലാദന്റെ നേതൃത്വത്തിൽ അൽ ഖ്വയ്ദ വീണ്ടും സംഘടിക്കുകയും ഭാവി ആക്രമണങ്ങൾക്ക് തയ്യാറെടുക്കുകയാണെന്നും എൻഎംഎഫ് റിപ്പോർട്ട്.
2019 ലെ യുഎസ് വ്യോമാക്രമണത്തിൽ ഹംസ കൊല്ലപ്പെട്ടതെന്ന വാദത്തിന് വിരുദ്ധമായാണ് ഇപ്പോൾ എൻഎംഎഫ് റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്. ബിൻ ലാദന്റെ കൊലപാതകത്തിന് ശേഷം അൽ ഖ്വയ്ദയുടെ കാര്യങ്ങൾ ഏറ്റെടുത്ത അയ്മാൻ അൽ സവാഹിരിയുമായി ഹംസയ്ക്ക് അടുത്ത ബന്ധമുള്ളതായും റിപ്പോർട്ടിൽ പയുന്നു. ഹംസയുടെ പിതാവ് ഒസാമ ബിൻ ലാദനെ 2011ൽ പാക്കിസ്താനിലെ അബോട്ടാബാദിലെ ഒരു വളപ്പിൽ വച്ച് യുഎസ് പ്രത്യേക സേന വധിച്ചു. 2001 സെപ്തംബർ 11-ന് അമേരിക്കയ്ക്കെതിരായ ആക്രമണത്തിന് അദ്ദേഹം അംഗീകാരം നൽകി, അതിൽ ഏകദേശം 3,000 പേർ കൊല്ലപ്പെട്ടു.
2001 സെപ്റ്റംബർ 11 ഭീകരാക്രമണത്തിലൂടെ വേൾഡ് ട്രേഡ് സെന്റർ തകർത്തതിന്റെ പ്രതികാരം 2011 മേയ് രണ്ടിന്
വർഷങ്ങൾ കാത്തിരുന്ന് അമേരിക്ക സഫലമാക്കിയത് ഒസാമ ബിൻ ലാദനെ വധിച്ചു കൊണ്ടായിരുന്നു.