തിരുവനന്തപുരം
മാവേലിയെ വരവേൽക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളുമായി നാടും നഗരവും. തിരുവോണസദ്യക്കുള്ള സാധനങ്ങൾ വാങ്ങാനും ഓണക്കോടി എടുക്കാനും പൂക്കൾവാങ്ങാനും പ്രായഭേദമന്യേ ജനങ്ങൾ തിരക്കിലലിഞ്ഞു. ശനിയാഴ്ചയാണ് ഉത്രാടപ്പാച്ചിൽ. നാടൻ പച്ചക്കറികളുമായി നാട്ടുചന്തകളും കവലകൾതോറും പച്ചക്കറി സ്റ്റാളുകളും തുറന്നിട്ടുണ്ട്. പ്രധാന റോഡുകളിലും ഇടറോഡുകളിലും തുറന്ന വാഹനത്തിലും പച്ചക്കറി വിൽപ്പനയുമുണ്ട്. സദ്യവിളമ്പാനുള്ള വാഴയിലയ്ക്ക് വിപണിയിൽ വില ഉയർന്നു. ഒരിലയ്ക്ക് 12 രൂപ. ഒരുമാസം മുമ്പ് 4–- 5 രൂപയായിരുന്നു.
സംസ്ഥാന സർക്കാർ വിപണിയിൽ ഫലപ്രദമായ ഇടപെടലാണ് നടത്തിയത്. വിലക്കയറ്റം പിടിച്ചുനിർത്തി. സപ്ലൈകോയുടെ 14 ജില്ലാ ചന്തകളിലും 77 താലൂക്ക് ചന്തകളിലും നിയമസഭ മണ്ഡല ചന്തകളിലും വലിയ തിരക്കാണ്. കൺസ്യൂമർഫെഡിന്റെ നേതൃത്വത്തിൽ 15-0-0 സഹകരണച്ചന്ത പ്രവർത്തിക്കുന്നു. സർക്കാരിന്റെ 13 ഇന സബ്സിഡി സാധനങ്ങളും മറ്റ് നിത്യോപയോഗ സാധനങ്ങളും വലിയ വിലക്കുറവിൽ ഇവിടെ കിട്ടും. ഇരുനൂറോളം സാധനങ്ങൾക്ക് ആകർഷകമായ ഇളവുമുണ്ട്.
സപ്ലൈകോ ചന്ത അഞ്ചുമുതലും സഹകരണച്ചന്ത ആറിനും ആരംഭിച്ചിരുന്നു. കൃഷി വകുപ്പ് 2000 പച്ചക്കറി ചന്ത തുറന്നിട്ടുണ്ട്. ഇവിടെ പച്ചക്കറിക്ക് 30 ശതമാനം വിലക്കുറവുണ്ട്. കർഷകരിൽനിന്ന് പൊതുവിപണിയേക്കാൾ പത്തുശതമാനം അധികവില നൽകി സംഭരിച്ച പച്ചക്കറികളാണ് കൂടുതലും. കുടുംബശ്രീ നേതൃത്വത്തിലും സംസ്ഥാനത്തുടനീളം ചന്തകൾ ആരംഭിച്ചിട്ടുണ്ട്. എല്ലാ ചന്തകളും ശനി വൈകിട്ടോടെ സമാപിക്കും. 7500 ടൺ പൂക്കളാണ് കേരളത്തിന്റെ പാടങ്ങളിൽനിന്ന് വിപണിയിലേക്ക് എത്തിയത്. മിൽമ 125 ലക്ഷം ലിറ്റർ പാലും അധികമായി വിതരണത്തിന് എത്തിച്ചു.