കൊച്ചി
രക്തബന്ധമില്ലെങ്കിലും അടുത്ത ബന്ധമുള്ളവർക്ക് നിബന്ധനകൾ പാലിച്ച് അവയവദാനം ചെയ്യുന്നതിൽ തടസ്സമില്ലെന്ന് ഹൈക്കോടതി. അവയവദാനത്തിന് സന്നദ്ധത അറിയിച്ച് നൽകിയ അപേക്ഷ ഓതറൈസേഷൻ സമിതി നിരസിച്ചത് ചോദ്യംചെയ്ത് സമർപ്പിച്ച ഒരുകൂട്ടം ഹർജികൾ തീർപ്പാക്കിയാണ് ജസ്റ്റിസ് വി ജി അരുണിന്റെ ഉത്തരവ്.
രേഖകൾ സഹിതം അപേക്ഷ നൽകിയിട്ടും അവയവമാറ്റത്തിന് അനുമതി ലഭിക്കുന്നില്ലെന്നായിരുന്നു ഹർജിയിലെ ആരോപണം. മുത്തച്ഛൻ, മുത്തശ്ശി, മാതാപിതാക്കൾ, മക്കൾ, പേരക്കുട്ടികൾ, സഹോദരങ്ങൾ തുടങ്ങിയവർ തമ്മിൽ മാത്രമേ അവയവദാനമാകാവൂ എന്ന് നിയമത്തിൽ വ്യവസ്ഥയുണ്ടെന്നായിരുന്നു സമിതിയുടെ വിശദീകരണം. എന്നാൽ, ഓതറൈസേഷൻ സമിതിയുടെ മുൻകൂർ അനുമതി വേണമെന്ന വ്യവസ്ഥയോടെ രോഗിയുമായി വൈകാരികമായ അടുപ്പമടക്കം ചില പ്രത്യേക ബന്ധങ്ങളുള്ളവർക്കും നിയമപ്രകാരം അവയവം ദാനം ചെയ്യാമെന്ന കോടതി ഉത്തരവുകളുണ്ടെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ ടി പി സാജിത് വാദിച്ചു. ഈ വാദം കോടതി അംഗീകരിച്ചു.
ഈ ഉത്തരവുകളുടെ അടിസ്ഥാനത്തിൽ, അപേക്ഷ നിരസിച്ച ഓതറൈസേഷൻ സമിതിയുടെ ഉത്തരവ് നിലനിൽക്കുന്നതല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അപേക്ഷകൾ പുനഃപരിശോധിച്ച് 10 ദിവസത്തിനകം തീരുമാനമെടുക്കാനും നിർദേശിച്ചു.