കൊച്ചി > ഒമർ ലുലുവിൻ്റെ സംവിധാനത്തിൽ ‘ എവർഗ്രീൻ സ്റ്റാർ ‘ റഹ്മാൻ നായകനായി അഭിനയിക്കുന്ന ബാഡ് ബോയ്സ് ഇന്ന് തിയറ്ററുകളിലെത്തും. മലയാള സിനിമയിൽ അടുത്ത കാലത്ത് ഇറങ്ങുന്ന താര നിബിഡമായ സിനിമയാണിത്. അബാം മൂവീസിൻ്റെ ബാനറിൽ എബ്രഹാം മാത്യുവാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഷീലു എബ്രഹാം, ബാബു ആൻ്റണി, സൈജു കുറുപ്പ്, ധ്യാൻ ശ്രീനിവാസൻ, ബാല, അജു വർഗീസ്, ആൻസൻ പോൾ,ബിബിൻ ജോർജ്ജ്, സെന്തിൽ, രമേഷ് പിഷാരടി, ടിനി ടോം, ‘ ഡ്രാകൂള ‘ സുധീർ, ഹരിശ്രീ അശോകൻ, ശങ്കർ, സോഹൻ സീനു ലാൽ, സജിൻ ചെറുകയിൽ, ഭീമൻ രഘു , മൊട്ട രാജേന്ദ്രൻ ആരാധ്യ ആൻ, മല്ലികാ സുകുമാരൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചിത്രത്തിൻ്റെ ട്രെയിലറും, ഗാനങ്ങളും ട്രെൻഡിങ് ആയിരുന്നു.
ഒമറിൻ്റെ തന്നെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സാരംഗ് ജയപ്രകാശാണ്. ‘ ഒരു അഡാർ ലൗ ‘ എന്ന സിനിമക്ക് ശേഷം ഒമറും സാരംഗും ഒന്നിക്കുന്ന സിനിമയാണ് എന്ന സവിശേഷതയും ബാഡ് ബോയ്സിനുണ്ട്. ആൻ്റപ്പൻ എന്നാ ഗുണ്ടാ തലവൻ കഥാപാത്രത്തെയാണ് റഹ്മാൻ അവതരിപ്പിക്കുന്നത്.
” വർഷങ്ങൾക്ക് ശേഷം ഹ്യൂമർ ട്രാക്കിൽ ഞാൻ വളരെയധികം റിലാക്സ്ഡായി ആസ്വദിച്ച് ചെയ്ത സിനിമയാണ് ബാഡ് ബോയ്സ്. സീരിയസ് കഥാപാത്രങ്ങൾ സ്ഥിരം ചെയ്ത് മടുത്തിരിക്കുന്ന വേളയിലാണ് ഒമർ ആൻ്റപ്പൻ എന്ന കഥാപാത്രവുമായി എന്നെ സമീപിക്കുന്നത്. ഒമറും തിരക്കഥാകൃത്ത് സാരംഗും കഥ പറയുമ്പോൾ, ഞാൻ വളരെയധികം ചിരിച്ച് ആസ്വദിച്ച് കൊണ്ടാണ് കേട്ടത്. പ്രത്യേക ബോഡി ലാംഗ്വേജും , അപ്പിയറൻസും , ആക്ടിവിറ്റിസും ആറ്റിറ്റ്യൂഡുമാണ് ആൻ്റപ്പൻ്റേത്. നേരത്തെ പറഞ്ഞ പോലെ ബാഡ് ബോയ്സും ആൻ്റപ്പനും എനിക്കൊരു ചെയിഞ്ചാണ് – സിനിമയെ കുറിച്ചും തൻ്റെ കഥാപാത്രത്തെ കുറിച്ചും റഹ്മാൻ പറഞ്ഞു.