പാലക്കാട് > പാലക്കാട് ചുരത്തിൽ കണ്ടെത്തിയ കുടകപ്പാലയിനത്തിലെ പുതിയ സസ്യത്തിന് ഹോളറീന പരിഷദി എന്ന് പേര്. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആറുപതിറ്റാണ്ടത്തെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് ഈ പേരിട്ടത്. പരിഷത്തിന്റെ കുടകപ്പാല എന്നാണ് ഇതിന്റെ അർഥം.
ഹൊളറാന ഗ്രൂപ്പിലെ ഇന്ത്യയിൽ കാണപ്പെടുന്ന രണ്ടാമത്തെ സസ്യത്തെ നാട്ടുകല്ലിൽനിന്നാണ് കണ്ടെത്തിയത്. അപ്പോസൈനേസിയെ കുടുംബത്തിൽപ്പെടുന്നതാണ് ഈ സസ്യം. ഇവ സിരാവിന്യാസം, ബ്രാക്ടുകൾ, വിദളങ്ങൾ, ദളങ്ങൾ, ഫലത്തിന്റെയും വിത്തിന്റെയും പ്രത്യേകതകൾ എന്നിവയിൽ മറ്റു നാലിനം കുടകപ്പാലകളിൽനിന്ന് വ്യത്യസ്തമാണ്.
പാലക്കാട് ഗവ. വിക്ടോറിയ കോളേജിലെ അധ്യാപകൻ ഡോ. വി സുരേഷിന്റെ നേതൃത്വത്തിൽ അധ്യാപകനായ ഡോ. സോജൻ ജോസ്, ഗവേഷണ വിദ്യാർഥിനി വി അംബിക എന്നിവരാണ് കണ്ടെത്തലിന് പിന്നിൽ. ന്യൂസിലാൻഡിൽനിന്ന് പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര ശാസ്ത്രജേർണൽ ഫൈറ്റോടാക്സയിലാണ് കണ്ടെത്തൽ പ്രസിദ്ധീകരിച്ചത്.