തിരുവനന്തപുരം
സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അകാലത്തിലുണ്ടായ വേർപാട് ഇന്ത്യയിലെ കമ്യുണിസ്റ്റ് പ്രസ്ഥാനത്തിനു മാത്രമല്ല, രാജ്യത്തെ ജനാധിപത്യ ശക്തികൾക്കാകെയും കനത്ത നഷ്ടമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ലോകമറിയുന്ന മാർക്സിസ്റ്റ് ലെനിനിസ്റ്റായിരുന്നു യെച്ചൂരി.
മാർക്സിസം–- ലെനിനിസം അതിന്റെ എല്ലാ അർഥത്തിലും ഉൾക്കൊള്ളാനും അതിനെ ഇന്ത്യൻ സാഹചര്യത്തിൽ വികസിപ്പിക്കാനും പ്രത്യയശാസ്ത്രപരമായ ഉള്ളടക്കത്തോടെ, പ്രായോഗിക അനുഭവങ്ങളെ ഉൾച്ചേർത്ത് മുന്നോട്ടു നയിക്കാനുമുള്ള യെച്ചൂരിയുടെ ശേഷി അന്യാദൃശമാണ്. ദേശീയ രാഷ്ട്രീയത്തിന്റെ എല്ലാ ചലനങ്ങളെയും ഈ കഴ്ചപ്പാടനുസരിച്ച വിശകലനം ചെയ്യാനും പാർടിയെ കൂട്ടുത്തരവാദിത്തത്തോടെ നയിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.
അടിയന്തരാവസ്ഥക്കാലത്ത് ഡൽഹി ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി യൂണിയൻ പ്രസിഡന്റായിരുന്ന അദ്ദേഹം അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ വിചാരണ ചെയ്ത് ദേശീയ ശ്രദ്ധ നേടി. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയായ ഇലക്ടറൽ ബോണ്ടിനെതിരെ പാർടി ജനറൽ സെക്രട്ടറി എന്ന നിലയ്ക്ക് സുപ്രിംകോടതിയെ സമീപിക്കാനും ഇലക്ടറൽ ബോണ്ട് ഭരണ ഘടനാ വിരുദ്ധമാണെന്ന എന്ന് വിധി സമ്പാദിക്കാനും കഴിഞ്ഞത് സുപ്രധാനമായ നിയമപോരാട്ടങ്ങളിലൊന്നാണ്–- എം വി ഗോവിന്ദൻ പറഞ്ഞു.