ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യ സൃഷ്ടിക്കുന്ന വിപ്ലവത്തിൽ മുൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ ‘വലിയ പങ്കിനെ’ അഭിനന്ദിച്ച് ഓസ്‌ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിങ്. ഇന്ത്യൻ ബാറ്റർമാർ വലിയ മത്സരങ്ങളെ ഇനി ഭയപ്പെടില്ലെന്നും, അതിൻ്റെ തെളിവാണ് വിദേശത്തെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലെ വിജയമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയെ ടി20 ലോകകപ്പ് കിരീട നേട്ടത്തിലേക്ക് നയിച്ച, മുൻ പരിശീലകൻ രാഹുൽ ദ്രാവിഡിൻ്റെ സംഭാവനകളെയും പോണ്ടിങ് പ്രശംസിച്ചു. “കോഹ്ലിയുടെ ക്യാപ്റ്റൻസിയുടെ ആരംഭം പരിശോധിക്കുകയാണെങ്കിൽ, ക്രിക്കറ്റിനെ മാറ്റിമറിക്കുന്നതിൽ അദ്ദേഹം വലിയ പങ്കു വഹിച്ചിട്ടുണ്ട്. ദ്രാവിഡും ഈ കഴിഞ്ഞ നാലു വർഷങ്ങളിലും അതുതന്നെ തുടരുകയാണ്. കോഹ്ലിയെ പോലൊരാളുടെ സ്വാധീനം ടീമിന് ലഭിക്കുന്നത് മികച്ച കാര്യമാണ്,” റിക്കി പോണ്ടിങ് സ്കൈ സ്പോർട്സിനോട് പറഞ്ഞു.
കോഹ്‌ലിയുടെ ക്യാപ്റ്റൻസിയിൽ ഓസ്‌ട്രേലിയയിൽ ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ഏഷ്യൻ ടീമായി ഇന്ത്യ മാറിയിരുന്നു. കൂടാതെ നിരവധി അവിസ്മരണീയമായ വിജയങ്ങളിലും കോഹ്ലി ടീമിനെ നയിച്ചു. തൻ്റെ ആക്രമണാത്മക നായകത്വത്തിലൂടെയാണ്, വിദേശ പിച്ചുകളിലും ടീമിന് അനാസായം വിജയം ഉറപ്പിക്കാമെന്ന വിശ്വാസം കോഹ്ലി സൃഷ്ടിച്ചത്.
2020-21ൽ ഓസ്‌ട്രേലിയയിൽ നടന്ന അവസാന ടെസ്റ്റ് പരമ്പരയ്ക്കിടെ, മകൾ വാമികയുടെ ജനനത്തെത്തുടർന്ന് കോഹ്‌ലി ആദ്യ മത്സരത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. എന്നിരുന്നാലും, പ്രധാന കളിക്കാരുടെ അഭാവത്തിൽ പോലും, അജിങ്ക്യ രഹാനെയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യ പോരാടി. 2-1 എന്ന നിലയിലാണ് പരമ്പര സ്വന്തമാക്കിയത്.
“ഗാബയോ, ഓവലോ ഇന്ത്യയെ പണ്ടത്തെ പോലെ ഭയപ്പെടുത്തുന്നതായി ഇപ്പോൾ എനിക്ക് തോന്നുന്നില്ല. ഒരുപക്ഷേ അത് സെലക്ഷനുമായി ബന്ധപ്പെട്ടിരിക്കാം, അല്ലെങ്കിൽ ഇന്ത്യ ഇനി വലിയ മത്സരങ്ങളെ ഭയപ്പെടില്ല എന്നതായിരിക്കാം കാരണം. ഇന്ത്യയുടെ ഫാസ്റ്റ് ബൗളിങ് ഡെപ്ത് വളരെ വലുതാണ്. കഴിഞ്ഞ 6-7 വർഷത്തെ നേതൃത്വവും ശക്തമാണ്. ഭയമില്ലാതെ ക്രിക്കറ്റു കളിക്കാൻ ഇന്ത്യൻ താരങ്ങളെ പര്യാപ്തമാക്കിയതിൽ ഇന്ത്യൻ പ്രീമിയർ ലീഗിനെയും പോണ്ടിങ് പ്രശംസിച്ചു.
വിരാട് കോഹ്‌ലിയുടെ കീഴിൽ 68 മത്സരങ്ങൾ ഇന്ത്യ കളിച്ചിട്ടുണ്ട്. ഇതിൽ 40 ടെസ്റ്റ് മത്സരങ്ങൾ ജയിക്കുകയും, 17 മത്സരങ്ങൾ തോൽക്കുകയും ചെയ്തു. 11 മത്സരങ്ങൾ സമനിലയിലും അവസാനിച്ചു.
Read More
- കെസിഎൽ: തൃശൂർ ടൈറ്റൻസിനെ എട്ടു വിക്കറ്റിനു തകർത്ത് ട്രിവാൻഡ്രം റോയൽസ്
- കെസിഎൽ; വിജയം ആവർത്തിച്ച് ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ്
- ഒളിമ്പിക്സ് കൗൺസിൽ ഓഫ് ഏഷ്യയുടെ ആദ്യ ഇന്ത്യൻ പ്രസിഡൻ്റായി രൺധീർ സിങ്
- ബാലൺ ഡി ഓർ നോമിനേഷൻ;ഇക്കുറി മെസ്സിയും റൊണാൾഡോയും ഇല്ല
- രാഹുൽ ദ്രാവിഡ് വീണ്ടും ഐപിഎല്ലിലേക്ക്; സഞ്ജുവിന്റെ ടീമുമായി കരാർ
- പാരാലിമ്പക്‌സ്: പൊന്നിൻ തിളക്കത്തിൽ നിതേഷ് കുമാർ
- പാരാലിമ്പിക്‌സ്;നിഷാദ് കുമാറിന് വീണ്ടും വെള്ളിതിളക്കം