മലപ്പുറം> എ.ഡി.ജി.പി. എം.ആര്. അജിത് കുമാര് ആര്.എസ്.എസ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതുമായി ബന്ധപ്പെട്ട ആരോപണത്തിന് പിന്നാലെ പൊലീസിനെതിരായ കൂടുതൽ പരാതികളുമായി പിവി അൻവർ എംഎൽഎ.
ഇതു സംബന്ധിച്ചുള്ള ഇന്റലിജന്സ് റിപ്പോര്ട്ട് മുഖ്യമന്ത്രിയുടെ മുന്നിലെത്താതെ പൂഴ്ത്തിവെക്കുകയായിരുന്നു എന്ന് മലപ്പുറം പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനത്തിൽ എംഎൽഎ പറഞ്ഞു.
‘ആര്.എസ്.എസ്. നേതാവിനെ എ.ഡി.ജി.പി. അജിത് കുമാര് കണ്ടതുമായി ബന്ധപ്പെട്ട ഇന്റലിജന്സ് റിപ്പോര്ട്ട് ആ സമയത്തുതന്നെ നല്കിയിട്ടും എന്താണ് മുഖ്യമന്ത്രി അതിൻ മേൽ നടപടിയെടുക്കാതിരുന്നതെന്ന് കഴിഞ്ഞ മൂന്നുനാല് ദിവസങ്ങളായി സംസ്ഥാനത്ത് ചര്ച്ചയാണ്. എന്നാൽ മുഖ്യമന്ത്രി ഇത് അറിഞ്ഞിരുന്നില്ല. ആ ഇന്റലിജന്സ് റിപ്പോര്ട്ട് പൂഴ്ത്തിവെച്ചുവെന്നാണ് എന്റെ അന്വേഷണത്തില്, ചില പോലീസ് ഉദ്യോഗസ്ഥരില് നിന്ന് തന്നെ മനസിലാക്കാന് കഴിഞ്ഞത്.‘
‘സ്പെഷ്യല് ബ്രാഞ്ച് രണ്ടാമത് അന്വേഷിച്ചപ്പോൾ മാത്രമാണ് മുഖ്യമന്ത്രി ആ വിവരം അറിയുന്നത്’ പി വി അൻവർ പറഞ്ഞു.
ആശ്രമം കത്തിച്ച കേസിൽ ഇടപെട്ടതും പൊലീസിലെ ആർഎസ്എസ് സംഘം
സന്ദീപാനന്ദ സ്വാമിയുടെ ആശ്രമം കത്തിച്ച കേസിൽ പ്രതികളെ രക്ഷിക്കാൻ പൊലീസ് ശ്രമിച്ചു. പിന്നീട് മുഖ്യമന്ത്രി ഇടപെട്ട് മറ്റൊരു സംഘത്തെ നിയോഗിച്ചാണ് പ്രതികളെ പിടികൂടിയത്. പൊലീസിലെ ആർഎസ്എസുകാർ സർക്കാരിനെ എത്രത്തോളം പ്രതിസന്ധിയിലാക്കുന്നുവെന്നത് സന്ദീപാനന്ദ സ്വാമിയുടെ ആശ്രമം കത്തിച്ച കേസിൽ വ്യക്തമാണെന്നും പി വി അൻവർ പറഞ്ഞു.