ലോകകപ്പ് യോഗ്യതാ റൗണ്ടില് ബ്രസീലിന് പിന്നാലെ അർജന്റീനയും വീണു. നിലവിലെ ചാമ്പ്യന്മാരായ അർജന്റീന എട്ടാം റൗണ്ടില് കൊളംബിയയോടാണ് പരാജയപ്പെട്ടത്. ഒന്നിനെതിരെ രണ്ട് ഗോളുകള്ക്കായിരുന്നു കൊളംബിയയുടെ ജയം. യേഴ്സണ് മോസ്ക്വേര (25), ജെയിംസ് റോഡ്രിഗസ് (90) എന്നിവരാണ് കൊളംബിയക്കായി സ്കോർ ചെയ്തത്. നിക്കോളാസ് ഗോണ്സാലസാണ് അർജന്റീനയുടെ മാനം കാത്ത ഏക ഗോള് നേടിയത്.
കോപ്പ അമേരിക്ക ഫൈനല് തോല്വിക്ക് പകരംവീട്ടാനിറങ്ങിയ കൊളംബിയ, അര്ജന്റീന സംഘത്തെ കാര്യമായി പരീക്ഷിച്ചു. സൂപ്പര് താരം ലയണല് മെസ്സിയില്ലാതെയാണ് അര്ജന്റീന ഇറങ്ങിയത്.
സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിന്റെ തുടക്കംമുതല് കൊളംബിയ ആധിപത്യം പുലര്ത്തി. 25-ാം മിനിറ്റില് കൊളംബിയ മുന്നിലെത്തി. റോഡ്രിഗസ് നല്കിയ ഒരു ക്രോസില് തലവെച്ച് മൊസ്ക്വേര വലകുലുക്കി. രണ്ടാം പകുതിയുടെ തുടക്കത്തിലാണ് ഇതിന് അര്ജന്റീനയുടെ മറുപടിയെത്തുന്നത്. കൊളംബിയന് പ്രതിരോധത്തിന്റെ പിഴവില് നിന്നായിരുന്നു ഗോള്. പന്ത് റാഞ്ചി മുന്നേറിയ നിക്കോളാസ് ഗോണ്സാലസ് കൊളംബിയന് ഗോളിയുടെ കാലിനിടയിലൂടെ പന്ത് വലയിലാക്കി.
എന്നാല് ഒരു പെനാല്റ്റി മത്സരത്തിന്റെ വിധിയെഴുതി. കൊളംബിയന് ഡിഫന്ഡര് ഡാനിയന് മുനോസിനെ നിക്കോളാസ് ഒട്ടമെന്ഡി ബോക്സില് വീഴ്ത്തിയതിനായിരുന്നു പെനാല്റ്റി. വാര് പരിശോധിച്ച ശേഷമായിരുന്നു റഫറിയുടെ വിധി.
ലോകകപ്പ് യോഗ്യതാ റൗണ്ടിലെ അർജന്റീനയുടെ രണ്ടാം തോല്വിയാണിത്. എങ്കിലും നിലവില് എട്ട് കളികളില് നിന്ന് 18 പോയിന്റുമായി പട്ടികയില് അർജന്റീന തന്നെയാണ് ഒന്നാമത്. ഈ ജയത്തോടെ 16 പോയിന്റുമായി കൊളംബിയ രണ്ടാം സ്ഥാനം നേടി. ഉറുഗ്വേയാണ് മൂന്നാം സ്ഥാനത്ത്. 15 പോയിന്റാണ് ഉറുഗ്വേയ്ക്കുള്ളത്. ബ്രസീല് അഞ്ചാം സ്ഥാനത്താണ്.
നാല് തവണ കാലിടറി ബ്രസീൽ
യോഗ്യതാ റൌണ്ടിൽ ബ്രസീലും പരാജയം രുചിച്ചു. പരഗ്വേയോട് എതിരില്ലാത്ത ഒരു ഗോളിനായിരുന്നു തോല്വി. 20-ാം മിനുറ്റില് ഡിയെഗോ ഗോമസാണ് പരഗ്വേയുടെ വിജയഗോള് നേടിയത്. ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ബ്രസീലിന്റെ നാലാം തോല്വിയാണിത്. കഴിഞ്ഞ അഞ്ച് മത്സരങ്ങളിലാണ് നാല് തോല്വിയും ബ്രസീല് വഴങ്ങിയത്.
എട്ട് കളികളില് നിന്ന് 10 പോയിന്റ് മാത്രമുള്ള ബ്രസീല് അഞ്ചാം സ്ഥാനത്താണ് നിലവില്. മൂന്ന് ജയവും ഒരു സമനിലയും നാല് തോല്വിയുമാണ് ബ്രസീലിന്റെ പേരിലുള്ളത്. ഒക്ടോബർ 11ന് ചിലിയുമായാണ് ബ്രസീലിന്റെ അടുത്ത മത്സരം.