ഫ്ളോറിഡ
അനശ്ചിതത്വങ്ങൾക്കൊടുവിൽ ചരിത്രമെഴുതി പൊളാരിസ് ഡോൺ ദൗത്യം കുതിച്ചു. ഭൂമിയിൽ നിന്ന് 800 കിലോമീറ്റർ മുകളിലുള്ള ഭ്രമണപഥത്തിൽ നാല് പേരടങ്ങുന്ന പേടകത്തെ എത്തിക്കുന്ന ദൗത്യം നിർണായക മണിക്കൂറുകളിലേക്ക്. ഫ്ളോറിഡയിലെ കെന്നഡി സ്പെയ്സ് സെന്ററിൽ നിന്ന് ഇന്ത്യൻ സമയം ചൊവ്വ പകൽ 2.53 നായിരുന്നു വിക്ഷേപണം. പടുകൂറ്റൻ റോക്കറ്റായ ഫാൽക്കൻ 9 ആണ് ഡ്രാഗൺ പേടകവുമായി കുതിച്ചത്. വിക്ഷേപണത്തിന്റെ പന്ത്രണ്ടാം മിനിട്ടിൽ പേടകം റോക്കറ്റിൽ നിന്ന് വേർപെട്ട് ആദ്യഭ്രമണപഥത്തിലേക്ക് സുരക്ഷിതമായി നീങ്ങി. മണിക്കൂറിൽ 27,000 കിലോമീറ്റർ വേഗതയിലായിരുന്നു ഇത്.
നിലവിൽ ഭൂമിയിൽ നിന്ന് കുറഞ്ഞ ദൂരമായി 190നും കൂടിയ ദൂരമായ 1200 കിലോമീറ്ററിനുമിടിയിലുള്ള ഭ്രമണപഥത്തിലാണ് പേടകം. ബുധനാഴ്ച ത്രസ്റ്ററുകൾ ജ്വലിപ്പിച്ച് 800 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപത്തിലെത്തിക്കും. മൂന്നാം ദിവസം രണ്ടു പേർ സ്പേയ്സ് വാക്ക് നടത്തും. തുടർദിവസങ്ങളിൽ 40 പരീക്ഷണങ്ങൾ നടത്തും. മിഷൻ കമാൻഡർ ജേർഡ് ഐസക്ക് മാൻ, മിഷൻ പൈലറ്റ് സ്കോട്ട് പൊറ്റിറ്റ്, മിഷൻ സ്പെഷ്യലിസ്റ്റുകളായ അന്ന മേനോൻ, സാറാഗില്ലിസ് എന്നിവരാണ് ബഹിരാകാശ സഞ്ചാരികൾ.
ബഹിരാകാശ ശാസ്ത്രജ്ഞൻ ഡോ.അനിൽ മേനോന്റെ ഭാര്യയാണ് അന്ന. വർഷങ്ങൾക്കുമുമ്പ് അമേരിക്കയിൽ കുടിയേറിയ മലയാളി ശങ്കരമേനോന്റെയും ഉക്രയ്ൻ സ്വദേശിനി ലിസയുടെയും മകനാണ് അനിൽ. കഴിഞ്ഞ മാസം 26ന് വിക്ഷേപിക്കാനിരുന്ന ദൗത്യമാണിത്. ഞായറാഴ്ച പേടകം മടങ്ങും. അപ്പോളോ ചാന്ദ്രദൗത്യങ്ങൾക്ക് ശേഷം ബഹിരാകാശത്ത് കൂടുതൽ ദൂരത്തേക്കുള്ള മനുഷ്യ ദൗത്യം ആദ്യമാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയം സഞ്ചരിക്കുന്ന ഉയരത്തേക്കാൾ ഇരട്ടിയിലധികം ഉയരത്തിലാണ് ഡ്രാഗൺ പേടകം സഞ്ചരിക്കുക.